മലപ്പുറം: മലപ്പുറം ജില്ലയിലെ റവന്യു വകുപ്പ് ഫയൽ നീക്കം നടക്കാതെ സ്തംഭനാവസ്ഥയിലാണെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) അഭിപ്രായപ്പെട്ടു. വില്ലേജ് ഓഫീസുകളിലെ ജീവനക്കാരെ അടക്കം കാലാവധി പൂർത്തിയാകുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി സ്ഥലം മാറ്റുന്നത് വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ലാസ്റ്റ് ഗ്രേഡ് വിഭാഗം ഉൾപ്പെടെ ഇരുനൂറ്റി അന്‍പതോളം ജീവനക്കാരെയാണ് ജില്ലയിൽ മാറ്റി നിയമിച്ചത്.നൂറ് കിലോമീറ്ററിലധികം ദൂരത്തേക്ക് മാറ്റപ്പെട്ട ജീവനക്കാർക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി പാലിക്കാൻ പോലും അധികൃതർ തയാറല്ല.
കോടതി ഉത്തരവുകളും ചട്ടങ്ങളും മാനിക്കാതെ നടത്തുന്ന സ്ഥലം മാറ്റം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും വിദ്യാഭ്യാസകാര്യത്തിനടക്കം സർട്ടിഫിക്കറ്റുകളുടെ ബാഹുല്യം കൂടിയ സമയത്ത് വലിയ പ്രതിസന്ധി ജില്ലയിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് നടന്ന കണ്വൻഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ജെ. ബെന്നിമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുജിത്ത് കുമാർ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി വി.ജി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി. ഷാനവാസ്, എസ്. മോഹനൻ, ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. സുരേഷ് ബാബു, ജോയിന്റ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കവിതാ സദൻ, എ.എസ്. ശ്യാംജിത്ത്, ടി.വി. ഗോപകുമാർ, ജില്ലാ ട്രഷറർ പി.എ. ആന്റണി എന്നിവർ പ്രസംഗിച്ചു.