അഞ്ചരക്കണ്ടി (കണ്ണൂർ): രജിസ്ട്രേഷൻ വകുപ്പിൽ അഴിമതി ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുമായി ഏറെ ബന്ധമുള്ള ഓഫീസുകളാണ് രജിസ്ട്രേഷൻ വകുപ്പിന്റേത്. അതുകൊണ്ടുതന്നെ അവ കാര്യക്ഷമമായും സുതാര്യമായും നിലനിർത്തുന്നതിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളത്.
അഴിമതിയില്ലാത്ത, സുതാര്യമായ, ജനസൗഹൃദ ഭരണസംവിധാനം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഒരു മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന രജിസ്ട്രേഷൻ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുമ്പ് സാധാരണക്കാർ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം ഉപയോഗിച്ച് ഒരു തുണ്ട് ഭൂമി വാങ്ങുമ്പോൾ, അത് രജിസ്റ്റർ ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നതും പതിവായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയിലെല്ലാം മാറ്റംവന്നിരിക്കുന്നു. അഴിമതിയുടെ ആ പഴയ വേരുകൾ വലിയൊരളവോളം തുടച്ചുനീക്കാൻ സർക്കാരിനു കഴിഞ്ഞു.
വസ്തു രജിസ്ട്രേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞു. ‘എനിവേർ രജിസ്ട്രേഷൻ’ എന്ന സംവിധാനത്തിലൂടെ ഒരു ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇന്നുണ്ട്. മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി.
ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കും ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയതോടെ വസ്തു രജിസ്ട്രേഷൻ നടപടികളിൽ സുതാര്യത വർധിച്ചു. ഇന്ന് പോക്കുവരവ് നടപടികൾപോലും റവന്യൂ വകുപ്പുമായി ഏകോപിപ്പിച്ച് ഓൺലൈനായി നടക്കുന്നു എന്നത് വലിയൊരു മുന്നേറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Chief Minister Registration Department people-friendly administration