ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്കൻ റീജിയണിന്റെ പതിനഞ്ചാമത് ദ്വിവത്സര സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഡാളസിൽ നിന്നുള്ള ജോണി കുന്നംപുറം അമേരിക്കൻ റീജിയണിന്റെ പുതിയ ചെയർമാനായും സൗത്ത് ജഴ്സിയിൽ നിന്നുള്ള പിന്റോ കണ്ണമ്പള്ളി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ജഴ്സിയിൽ നിന്നുള്ള അനീഷ് ജെയിംസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മേയ് 15 മുതൽ 17 വരെ ന്യൂജഴ്സിയിലെ സോമർസെറ്റിലുള്ള ഡെൽറ്റാ ഹോട്ടൽസ് ബൈ മാരിയറ്റിൽ നടന്ന ത്രിദിന സമ്മേളനം വിപുലമായ ജനപങ്കാളിത്തത്തോടെയും വർണാഭമായ പരിപാടികളോടെയും ശ്രദ്ധേയമായി.
സൗത്ത് ജഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസണും നോർത്ത് ജഴ്സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തരിയനും കോകൺവീനർമാരായി സമ്മേളനത്തിന് നേതൃത്വം നൽകി.
ചെയർമാൻ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരസാധ്യതകൾ നിലനിന്നിരുന്നുവെങ്കിലും അവസാന നിമിഷം എതിർ സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് സമവായത്തിലൂടെ പുതിയ നേതൃത്വത്തിന് വഴിയൊരുങ്ങിയത്.
ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ന്യൂയോർക്കിൽ നിന്നുള്ള സാം മാണിക്കരോട്ട്, നോർത്ത് ടെക്സസിൽ നിന്നുള്ള ശാന്താ പിള്ള എന്നിവർ പത്രിക പിൻവലിച്ചതോടെയാണ് ജോണി കുന്നംപുറം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.