പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില്പ്രസവവേദനയുമായി റോഡരികില്‍ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര്‍ത്താതെ പോയപ്പോള്‍ അവരുടെ മുന്നിലേക്ക് മാലാഖയായി കാര്‍ ഓടിച്ച് എത്തിയത് ഒരു നഴ്സ്.
യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെയും ഒപ്പം നിന്ന കുടുംബാംഗങ്ങളെയും കാറില്‍ കയറ്റി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു. മുക്കാല്‍ മണിക്കൂറിനകം യുവതി പെണ്‍കുഞ്ഞിനു ജന്മം നല്കി.
കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങള്‍ക്ക് സഹായംഅഭ്യര്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാര്‍ ഓടിച്ചെത്തിയത് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ തന്നെഗൈനക്കോളജി വിഭാഗം നഴ്സ് ലിറ്റി ജോയി ആയിരുന്നു. വഴിമധ്യേ പ്രസവിക്കാന്‍ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സുരക്ഷിതമാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല.
പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാല്‍ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തില്‍ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത്. പ്രസവശേഷം മുറിയില്‍ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തിരക്ഷാപ്രവര്ത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മസിലായത്. തങ്ങളുടെ മുന്നിലേക്ക് ദൈവദൂതനെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമണ്‍ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു.
കഴിഞ്ഞ രണ്ടാം തീയതി രാത്രി ഒന്‍പതോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറില്‍ പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ചേര്‍പ്പുങ്കലില്‍ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികില്‍ വാഹനങ്ങള്‍ക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്. വാഹനം നിര്‍ത്തി വിവരം തിരക്കിയപ്പോള്‍ വാഗമണ്‍ സ്വദേശികള്‍ ആണെന്നും കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയുടെ ഭാഗമായി ചേര്‍പ്പുങ്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നരാണെന്നും കുടുംബാംഗങ്ങള്‍പറഞ്ഞു.
മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ക്കു കൈ നീട്ടി സഹായം അഭ്യര്‍ഥിച്ചത്. ലിറ്റി ഇവരെ കാറില്‍ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു.
അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂര്‍സൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി.
യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയില്‍ എത്തി ലിറ്റി ജോയിക്കു അനുമോദനം നല്കി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, അസോസിയേറ്റ് ഡയറക് ടര്‍മാരായ ഫാ.ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍ ഷിനി തോസ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.