ഗുജറാത്തിലെ ഒരു പ്രധാന റോഡിൽ പ്ലാസ്റ്റിക് ഡ്രമ്മിൽ തല കുടുങ്ങി വഴിയറിയാതെ ഓടിയ തെരുവ് പശുവിനെ സാഹസികമായി രക്ഷപെടുത്തി. തല പൂർണമായും പ്ലാസ്റ്റിക് പാത്രത്തിനുള്ളിലായതോടെ കാഴ്ച മറഞ്ഞ് പരിഭ്രാന്തിയിലായ പശു വാഹനങ്ങൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ ഓടുകയായിരുന്നു.
ശ്വാസം കിട്ടാതെ ഭയന്ന നിലയിലായിരുന്ന പശു പെട്ടെന്ന് അക്രമസ്വഭാവം കാണിച്ചതോടെ വലിയൊരു അപകടസാഹചര്യമാണ് അവിടെ ഉടലെടുത്തത്. റോഡിലെ ഗതാഗതക്കുരുക്കിനിടയിലും പശുവിന്റെ ദുരവസ്ഥ കണ്ടുനിന്ന കുറച്ചു യുവാക്കൾ തങ്ങളുടെ ജീവൻ പോലും വകവെക്കാതെ സഹായത്തിനെത്തുകയായിരുന്നു.
പശുവിനെ ഏറെ പ്രയത്നപ്പെട്ട് ശാന്തമാക്കിയ ശേഷം, അവർ തലയിലെ പ്ലാസ്റ്റിക് കുടം പരിക്കുകളൊന്നുമില്ലാതെ ഊരിമാറ്റി. കൃത്യസമയത്ത് നടത്തിയ ഈ ഇടപെടൽ വഴി വലിയൊരു റോഡപകടമാണ് അവിടെ ഒഴിവായത്.
ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കൾക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കേറിയ ട്രാഫിക്കിലും ഒരു മിണ്ടാപ്രാണിയെ സഹായിക്കാൻ കാണിച്ച മനസിനെ 'യഥാർഥ ഹീറോകൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.