ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളി അങ്കണത്തിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറില്‍ നടന്നു. പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്തു.
അപ്പസ്തോലിക പ്രബോധനങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത വിശ്വാസ പാരമ്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഇടയന്മാരുടെ നേതൃത്വവും വിശ്വാസവും വിഭവങ്ങളും പങ്കുവയ്ക്കുന്നതില്‍ ഔദാര്യപൂര്‍വമായ മനസമുള്ള പ്രേക്ഷിത സമൂഹമാണ് ചങ്ങനാശേരി അതിരൂപതയെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ചങ്ങനാശേരി അതിരൂപത നല്കിയ സംഭവാനകള്‍ സ്മരണീയമാണെന്നും അദ്ദേഹം സ്മരിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് മാര്‍ തോമസ് തറയില്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ച്ചബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കമഡോര്‍ വര്‍ഗീസ് മാത്യു കറുകക്കളത്തില്‍ മുഖ്യപ്രഭാഷണവും നടത്തി.
തിരുവന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് നല്കിയ മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫിനും അതിരൂപതയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ മാര്‍ തോമസ് തറയില്‍ സമ്മാനിച്ചു. ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവു തെളിയിച്ചവരെയും യുവസംരഭകരെയും ഏഴു മക്കളില്‍ കൂടുതലുള്ള യുവദമ്പതികളെയും ആദരിച്ചു.
അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ചെറിയാന് കക്കുഴി, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, എഫ്സിസി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി പീലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറല്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥന നയിച്ചു.
പുളിങ്കുന്ന് ഫൊറോന പള്ളിയില്‍ 2027 മേയ് 20ന് 141-ാമത് അതിരൂപതാദിനം നടത്തുന്നതുസംബന്ധിച്ച് വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര പ്രഖ്യാപനം നടത്തി. ചങ്ങനാശേരി മെത്രാപ്പോലീത്തന്പള്ളിയുടെ കീഴിലുള്ള പുഴവാത് സെന്റ് തോമസ് പള്ളിയെ കുരിശുപള്ളിയായും പ്രഖ്യാപിച്ചു.