Kerala
ആലുവ: ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ വീണ്ടും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ ഒഴിവുകൾ പിഎസ്സിയിലേക്കു റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനം നടത്തുന്നുവെന്ന ഉദ്യോഗാർഥികളുടെ പരാതിയെത്തുടർന്നാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനു പിഎസ്സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ കഴിഞ്ഞ നവംബറിലാണ് അവസാന നിർദേശം നൽകിയത്. എന്നാൽ, തദ്ദേശ തെരെഞ്ഞെടുപ്പ് കാലമായതിനാൽ പലരും അപൂർണമായാണ് പ്രപ്പോസൽ നൽകിയത്. ഭരണസമിതി മാറിയതിനാൽ അതിനു സാധുതയും നഷ്ടമായി.
അതിനാൽ തസ്തിക രൂപവത്കരണ നിർദേശം വീണ്ടും അതാത് ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കു സമർപ്പിക്കാനാണ് തദ്ദേശ വകുപ്പ് നിർദേശം. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ നിയമനാധികാരി തദ്ദേശ സ്വയംഭരണ വകുപ്പിലെ അതത് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയമാണ്.
എന്നാൽ, പിഎസ്സിയെ അറിയിക്കാതെ താത്കാലിക തസ്തിക എന്ന പേരിൽ ഇഷ്ടക്കാർക്കു കാലാവധി നീട്ടി നൽകുകയാണെന്നാണ് ആരോപണം.
Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകൾക്ക് അംഗീകാരം നൽകണമെന്നു മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2021 മുതൽ അധിക തസ്തികകളിലും ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകളിലും നിയമിതരായവർക്ക് അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
അധിക തസ്തികകളിൽ 1:1 എന്ന ക്രമത്തിലുള്ള തസ്തികയും ഒരു വർഷത്തിൽ കൂടുതലായുള്ള അവധി ഒഴിവും വേണ്ടത്ര എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ ഒഴിവുകളും പുതിയ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഒന്ന് എന്നിങ്ങനെ ഇവയെല്ലാം സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാനേജ്മെന്റുകൾ സർക്കാരിന് വിട്ടുനൽകണമെന്നാണ് 2016ലെ കെഇആർ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ 2016 മുതൽ ഉത്തരവ് തീയതിവരെ നിയമിതരായവർക്ക് അംഗീകാരം നൽകുന്നതിന് തിരുമാനമായി. എന്നാൽ 2021 ഫെബ്രുവരി ഏഴു മുതൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ നിയമിതരാകുന്നവരുടെ അംഗീകാരത്തെക്കുറിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവ് പ്രകാരം ലഭിച്ച ഇളവ് തുടർന്നും നൽകിയെങ്കിൽ മാത്രമേ 2021 മുതൽ നിയമിതരായവർക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. തസ്തിക നിർണയത്തിലൂടെ സർക്കാർ അനുവദിച്ച അധിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർഷങ്ങളായി അംഗീകാരവും ശന്പളവുമില്ലാത്ത സ്ഥിതിയാണ്. അധിക തസ്തികകൾക്ക് അംഗീകാരം നല്കിയാൽ സർക്കാരിന് അധിക സാന്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് തടസവാദം.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവ് ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ തസ്തികകൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ നിലവിലിരിക്കുന്ന തസ്തികകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സംരക്ഷിതാധ്യാപകർക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യത്തിന് സംരക്ഷിതാധ്യാപകർ ഇല്ലായെന്നതും പ്രതിസന്ധിയാണ്.
ഭിന്നശേഷി സംവരണ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച ആനുകൂല്യം എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കേ, കോടതിയെ മറയാക്കി സർക്കാർ അനാവശ്യമായ കാലതാമസം വരുത്തുകയാണ്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധി പ്രകാരം കെ- ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിലൂടെ ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകർക്ക് ജോലിയിൽ തുടരണമെങ്കിൽ സർക്കാർ സുപ്രീംകോടതിയിലും സർക്കാർ തലത്തിലും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടന്ന് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്ണായക നടപടി.
നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.