കൊച്ചി: “ഒരുത്തനെയെങ്കില് ഒരുത്തനെ കൊല്ലാതെ ഞങ്ങള്‍ ഇവിടുന്ന് പോകില്ല സാറെ’’... മരോട്ടിച്ചുവടില്‍ പോലീസുകാരെ ആക്രമിച്ച പ്രതികളില്‍ ഒരാളുടെ വാക്കുകളാണിത്.
കഴിഞ്ഞദിവസം മദ്യലഹരിയില്‍ അഴിഞ്ഞാടിയ അഞ്ചംഗസംഘം ഇന്‍സ്പെക്ടറുടെ കൈവിരല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളിലാണ് പ്രതികള്‍ പോലീസിനുനേരേ നടത്തിയ ആക്രമണത്തിന്റെയും കൊലവിളിയുടെയും നടുക്കുന്ന രംഗങ്ങളുള്ളത്.
പോലീസിന്റെ അതിക്രമം എന്ന പേരില്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ തങ്ങളുടെ ഫോണിൽ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. പ്രതികള്‍ കല്ലും ഇഷ്ടികയും ഉപയോഗിച്ചു പോലീസ് ജീപ്പ് ആക്രമിക്കുന്നതും പോലീസിനുനേരേ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികളിൽനിന്നു പോലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലായിരുന്നു ഈ ദൃശ്യങ്ങൾ.
ഐഡി കാര്‍ഡ് കാണിച്ചിട്ടും പോലീസ് തങ്ങളെ വിട്ടില്ലെന്നും മഴയത്ത് പിടിച്ചുനിർത്തി ആധാര്‍ കാര്‍ഡ് ചോദിച്ചു ബുദ്ധിമുട്ടിച്ചെന്നും ഇടിവണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ഇല്ലാത്ത വകുപ്പ് ചുമത്താനാണു പോലീസ് ശ്രമിക്കുന്നതെന്നുമാണ് വീഡിയോയില്‍ പ്രതികള്‍ ആരോപിക്കുന്നത്.
“ഇവിടെ പ്രശ്നമുണ്ടെന്നു പറഞ്ഞ് പോലീസിനെ വിളിച്ചവര്‍ സ്ഥലത്തു വരാതെ പോലീസ് വാഹനം കടത്തിവിടില്ല. എല്ലാവരും മദ്യപിച്ചിട്ടുണ്ട്. ഒരാളെയെങ്കിലും കൊല്ലാതെ ഞങ്ങള്‍ ഇവിടുന്ന് പോകില്ല സാറെ’’ എന്നു പ്രതികളില്‍ ഒരാള്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.
പ്രതികള്‍ അക്രമാസക്തരായതോടെ സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ സേനാംഗങ്ങളോടു സ്ഥലത്തെത്താന്‍ ആവശ്യപ്പെടുന്നതായും രണ്ടു പോലീസ് ജീപ്പ് പിന്നീട് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. എറിയെടാ എന്നാക്രോശിച്ചാണു പ്രതികള്‍ പോലീസിനെ നേരിടുന്നത്. ഈ സമയം വണ്ടി മാറ്റിയിടാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ എസ്ഐയടക്കം നാലു പോലീസുകാരെ സംഘം കൈയേറ്റം ചെയ്തിരുന്നു. ആക്രമണത്തില്‍ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ഉദയകുമാറിന്റെ വലതുകൈവിരലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മല്‍ (20), അല്‍ത്താഫ് (21), നെന്മാറ സ്വദേശി ഷംസുദ്ദീന് (36) എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരുടെ ലഹരി ഇടപാടുകളടക്കം പരിശോധിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
പ്രതികള്‍ അഞ്ചുപേരും മരോട്ടിച്ചോടിനു സമീപം വാടകയ്ക്കു താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതോടൊണു പോലീസ് സ്ഥലത്തെത്തിയത്.