പേരൂര്‍ക്കട: സിഗരറ്റ് നല്‍കുന്നത് വൈകിയത് ചോദ്യംചെയ്തതിലുള്ള വിരോധം നിമിത്തം യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചയാളെ കന്റോണ്‍മെന്റ് പോലീസ് പിടികൂടി. തമ്പാനൂര്‍ രാജാജി നഗര്‍ ജാളിമുക്ക് ഫ്ളാറ്റ് നമ്പര്‍ 378-ല്‍ സച്ചിന് (28) ആണ് അറസ്റ്റിലായത്. രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 520-ല്‍ ജോണിയുടെ മകന് ജോമോന് (33), ഇയാളുടെസുഹൃത്ത് സാജന് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിനാണ് സംഭവം. ജോമോന് പണം നല്‍കിയശേഷം സച്ചിനോട് സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതു നല്കാന് വൈകിയതു ജോമോന് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. കുപിതനായ പ്രതി ബിയര്‍കുപ്പികൊണ്ട് ഇരുവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വായില്‍ സൂക്ഷിച്ചിരുന്ന ബ്ലേഡ് കൊണ്ടു ജോമോന്റെ ശരീരത്തില്‍ വരയുകയുമായിരുന്നു.
കൂടാതെ ബിയര്‍കുപ്പി പൊട്ടിച്ചശേഷം ജോമോന്റെ തലയിലടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സച്ചിനെതിരേ കന്റോണ്‍മെന്റ് , നേമം സ്റ്റേഷനുകളിലായി 18 കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.