ചേര്‍ത്തല: രേഖകള്‍ വ്യാജമായി ഉണ്ടാക്കി രണ്ടുകോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആരോപണവിധേയയായ യുവതി ആത്മഹത്യക്കു ശ്രമിച്ചു. ബുധനാഴ്ച വൈകിട്ടാണ് വാരനാട് സ്വദേശിനി ഷീജ (46) യെ പ്രതിയാക്കി പൊലിസ് കേസെടുത്തത്. എസ്ബിഐ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തുടര്‍ന്ന് രാത്രി അമിതമായി മരുന്നുകഴിച്ച് അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുളള ഇവര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
എസ്ബിഐ ബാങ്കിന്റെ കോടതികവലയ്ക്കു സമീപമുള്ള ശാഖയില്‍ കരാര്‍ ഏജന്‍സി നിയോഗിച്ച ശുചീകരണ തൊഴിലാളിയായാണ് യുവതി ജോലിചെയ്തിരുന്നത്. ഇവര്‍ ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പുനടത്തിയതായാണ് വിവരം. ഇതിനായി ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രസീതും സ്ഥിരനിക്ഷേപ രേഖകളും വ്യാജമായി തയാറാക്കി നല്‍കിയിരുന്നു. ബാങ്കിന്റെ രേഖകളോടു സാമ്യം തോന്നുന്ന തരത്തിലാണ് ഇവ തയാറാക്കിയിരിക്കുന്നത്. ഇതെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.
സംഭവം പുറത്തായതോടെ കൂടുതല്‍ പേര് പണം നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടുവരെ 70 ഓളം പേരാണ് പൊലിസില്‍ പരാതിപ്പെട്ടിരിക്കുന്നത്. രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായിരിക്കുന്നത്. കേസെടുത്ത പൊലിസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതിനടക്കം മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.