തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഇതിനായി ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപംനൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. പരാതി ഗൗരവതരവും അടിയന്തര പ്രാധാന്യം അർഹിക്കുന്നതുമാണ്.
ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ പ്രയാസങ്ങൾ അനുഭവിക്കുന്നു എന്നത് വ്യക്തമാണ്.
ഇക്കാര്യത്തിൽ സാമൂഹികനീതിവകുപ്പ് ആരോഗ്യവകുപ്പിന് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ ചിലത് ഇതാണ്: നിർദിഷ്ട വരുമാനപരിധിയിലുള്ള ഭിന്നശേഷിക്കാർക്ക് വീടിനുസമീപം തന്നെ സൗജന്യ ചികിത്സ ഉറപ്പാക്കണം. ആശുപത്രികളിൽ തടസങ്ങളില്ലാതെ പ്രവേശിക്കാൻ ഇവർക്ക് കഴിയണം.
ഭിന്നശേഷിക്കാർക്ക് ചികിത്സയിൽ മുൻഗണന നൽകണം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് ആശുപത്രി പ്രവേശനം വേണ്ടിവരുമ്പോൾ പ്രത്യേക വാർഡുകൾ റിസർവ് ചെയ്യണം.
ഭിന്നശേഷിക്കാർക്ക് പൊതുസ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ക്യൂ നൽക്കേണ്ടതില്ലെന്ന സാമൂഹികനീതി വകുപ്പിന്റെ സർക്കുലർ ആരോഗ്യവകുപ്പ് കർശനമായി നടപ്പിലാക്കണം. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് വേണ്ടി സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിക്കണം.
ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.