തൃശൂർ: പരിമിതികളെ സംഗീതത്തിന്റെ അനന്തസാധ്യതകളാക്കി മാറ്റിയ തൃശൂരിന്റെ സ്വന്തം പൂജ രമേഷ്, ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്കും തന്റെ സ്വരമാധുര്യം എത്തിച്ചു.
വാനോളമുയർന്ന നിശ്ചയദാർഢ്യംകൊണ്ട് ഓട്ടിസമെന്ന സങ്കീർണാവസ്ഥയെ പാടിത്തോല്പിച്ച്, കായികസംഗീതലോകത്ത് അപൂർവമായൊരു ചരിത്രവിസ്മയമാണ് ഈ ഇരുപത്തെട്ടുകാരി തീർക്കുന്നത്.
മുൻ ഫുട്ബോൾ താരം സുരേഷ് മാഞ്ചസ്റ്റർ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘ഗൊളാസോ’ എന്ന ഫുട്ബോൾ ആൽബത്തിലൂടെയാണ് പൂജ ശ്രദ്ധ നേടുന്നത്. ഫുട്ബോൾ സംഗീതചരിത്രത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ഗായികകൂടിയാണ് പൂജയെന്ന് അണിയറശില്പികൾ അവകാശപ്പെട്ടു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആൽബം പ്രകാശനം ചെയ്തു. പൂജയുടെ ആദ്യത്തെ മ്യൂസിക് ആൽബം ഗാനമാണിത്. തുടക്കത്തിൽ ഭാഷയൊരു പ്രതിസന്ധിയാകുമോ എന്നു വലിയ ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ സംഗീതം മാത്രം ജീവശ്വാസമാക്കി മാറ്റിയ മകൾക്ക് ഇതുമൊരു വെല്ലുവിളിയല്ലെന്ന് അവളുടെ പ്രയത്നം തെളിയിച്ചതായും പിതാവ് വി.എസ്. രമേശൻ പറഞ്ഞു.
എഴുപതു ശതമാനത്തോളം ഓട്ടിസം ബാധിച്ച പൂജ, കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം 27 ശാസ്ത്രീയ സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. 450ലധികം വേദികളിലും പൂജ ആസ്വാദകമനസുകൾ കീഴടക്കി.
മൈലിപ്പാടം ചേതന സംഗീത നാട്യ അക്കാദമി ഡയറക്ടർ ഫാ.ഡോ. പോൾ പൂവത്തിങ്കലിന്റെ മാർഗനിർദേശമാണ് പൂജയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് ദേശമംഗലം നാരായണൻ നമ്പൂതിരി, പ്രമുഖ ഗായിക റീന മുരളി എന്നിവരുടെ കീഴിലുള്ള കഠിനമായ പരിശീലനത്തിലൂടെ പൂജ തന്റെ സംഗീതസിദ്ധി മികച്ചതാക്കുകയായിരുന്നു.
‘ഗൊളാസോ’യിലെ ഗാനത്തിനായി ചേതനയിലെ ഡാൽവിൻ ഡേവിസാണ് പരിശീലനം നൽകിയത്. യുട്യൂബിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനകം ആസ്വാദകമനസുകൾ കീഴടക്കിക്കഴിഞ്ഞിട്ടുണ്ട്.
ഫുട്ബോൾ ആവേശം സംഗീതമാക്കി സുരേഷ് മാഞ്ചസ്റ്റർ
കേരളവർമ കോളജിന്റെ മുൻനിര ഫുട്ബോൾ താരമായിരിക്കെ, ഇരുപതാം വയസിലുണ്ടായ ഗുരുതരമായ പരിക്കാണ് സുരേഷ് മാഞ്ചസ്റ്ററിനെ കളിക്കളത്തിൽനിന്ന് അകറ്റിയത്. മൈതാനമൊഴിഞ്ഞെങ്കിലും നെഞ്ചിലെ ഫുട്ബോൾ ആവേശം ഒട്ടുംചോരാതെ അദ്ദേഹം സംഗീതത്തിലേക്കു പകരുകയായിരുന്നു.
2022 ലോകകപ്പിനു പിന്നാലെ, 2026ലും ഫുട്ബോൾഗാനങ്ങൾ ഒരുക്കി അപൂർവനേട്ടം സ്വന്തമാക്കിയ സുരേഷ് ഇതിനോടകം 15 ആൽബം ഗാനങ്ങൾക്കു സംഗീതം പകർന്നുകഴിഞ്ഞു. കുട്ടിത്താരങ്ങൾക്കായി ആറുവർഷത്തോളം സൗജന്യ ഫുട്ബോൾ പരിശീലനവും നൽകിയിട്ടുള്ള സുരേഷിന്റെ ഫുട്ബോളിനോടുള്ള സമർപ്പണത്തിന്റെകൂടി ഫലമാണ് ഈ ഗാനം.
Tags : Pooja remesh autism music