കോട്ടയം: സംസ്ഥാനത്തിന്റെ ഗതാഗത ഭാവിയെ ഇലക്ട്രിക് ചക്രങ്ങളിലേക്ക് തിരിക്കുന്ന സൂചനകളുമായിട്ടാണ് ബജറ്റ് എത്തിയിരിക്കുന്നത്. ഇ-വാഹനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനവും നികുതിഘടനയിലെ മാറ്റങ്ങളും ഓട്ടോ മേഖലയെ പുതിയ യുഗത്തിലേക്ക് നയിക്കും.
►►ബജറ്റിന്റെ പുതിയ ഗിയർ
◄ഇ-വാഹന വിപണിയിൽ ചലനം പ്രതീക്ഷിച്ച് വ്യവസായമേഖല
സംസ്ഥാന ബജറ്റിലെ വാഹന നികുതിഘടനയിലെ മാറ്റങ്ങളും ഇലക്ട്രിക് വാഹന (ഇവി) മേഖലയ്ക്ക് നൽകിയ പ്രോത്സാഹനങ്ങളും ഓട്ടോ-വ്യവസായ രംഗത്ത് കുതിപ്പേകും. ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് ഇ-മൊബിലിറ്റിക്ക് കരുത്തേകും. വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾക്കും സാധ്യത തെളിയും.
◄റോഡ് നികുതിയിലും മാറ്റം
ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ അഞ്ച് ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറച്ചു. 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം തുടരുന്നു. 15-20 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി എട്ട് ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്.
◄പ്രീമിയം വാഹനങ്ങൾക്ക് ബ്രേക്ക്
അതേസമയം 20-30 ലക്ഷം രൂപയും 30-40 ലക്ഷം രൂപയും വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും. എന്നാൽ 40 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിലവിലെ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്്. ഉയർന്ന വിലയുള്ള പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക നികുതി ബാധ്യത ഉണ്ടാകാനും സാധ്യതയുണ്ട്.
◄ഇടത്തരംവാഹനങ്ങൾക്ക് ആവശ്യകതയേറും
ഓട്ടോമൊബൈൽ വിപണിയിൽ ഇടത്തരം വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ആവശ്യകത ഉണ്ടാകും. സാധാരണ ഉപഭോക്താക്കൾക്ക് നികുതി ഇളവുകൾ നേട്ടമാകുന്പോൾ, ഇതോടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിപണിയിൽ വിലാധിഷ്ഠിത സന്തുലിതാവസ്ഥ ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നു.