മുക്കം: വർഷങ്ങളായി തുടരുന്ന മുക്കം പിസി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
വാട്ടർ അഥോറിറ്റിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ നേരത്തേയും ജനരോഷമുണ്ടായിരുന്നു.
റോഡിൽ രൂപപ്പെടുന്ന കുഴികൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ഇന്റർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കാറുണ്ടെങ്കിലും, തൊട്ടുപിന്നാലെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി റോഡ് പൊളിച്ചിടുന്നത് പതിവാണ്. എന്നാൽ പണി പൂർത്തിയായ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി. മഴ കനത്തതോടെ റോഡിലെ കുഴി വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.
അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിതെളിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.