കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ നടപ്പ് സാമ്പത്തികവര്‍ഷത്തെ രണ്ടാം പാദത്തിലെ അറ്റാദായം 35.8 ശതമാനം വര്‍ധിച്ച് 6,532 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,814 കോടി രൂപയായിരുന്നു ലാഭം. ആദ്യ ആറു മാസത്തെ അറ്റാദായം 7,810 കോടി രൂപയാണ്.
രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റപലിശ വരുമാനം ഒമ്പത് ശതമാനം ഉയര്‍ന്ന് 13,026 കോടി രൂപയായി. പ്രവര്‍ത്തനലാഭം 50.9 ശതമാനം വര്‍ധിച്ച് 11,430 കോടി രൂപയിലെത്തി.
സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് ബാങ്കിന്റെ ആഗോള ബിസിനസ് 17.2 ശതമാനം വളര്‍ച്ചയോടെ 32.57 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.4 ശതമാനം വര്‍ധിച്ച് 17.45 ലക്ഷം കോടി രൂപയും വായ്പകള്‍ 18.3 ശതമാനം ഉയര്‍ന്ന് 15.12 ലക്ഷം കോടി രൂപയുമായി.
വായ്പാവളര്‍ച്ചയില്‍ കാര്‍ഷികമേഖലയും ചെറുകിട ഇടത്തരം സംരംഭങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. കാര്‍ഷികവായ്പകള്‍ 19 ശതമാനവും എംഎസ്എംഇ വായ്പകള്‍ 21.3 ശതമാനവും വര്‍ധിച്ചു.
വാഹനവായ്പകളില്‍ 27.8 ശതമാനം വളര്‍ച്ചയുണ്ടായി. ആസ്തികളുടെ ഗുണനിലവാരത്തിലും പുരോഗതിയുണ്ടായി. മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 2.16 ശതമാനത്തില്‍നിന്ന് 1.78 ശതമാനമായി കുറഞ്ഞു.
അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.37 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 16.61 ശതമാനമായും രേഖപ്പെടുത്തി.