സാധ്യമായതിന്റെയും നേടിയെടുക്കാവുന്നതിന്റെയും കലയാണ് രാഷ്ട്രീയം - അടുത്ത മികച്ചതിന്റെ കല. ജര്‍മനിയുടെ ആദ്യ ചാന്‍സലറായിരുന്ന ഓട്ടോ എഡ്വേര്‍ഡ് ലിയോപോള്‍ഡ് എന്ന ഓട്ടോ ഫോണ്‍ ബിസ്മാര്‍ക് (1871-1890) നൂറ്റാണ്ടു മുമ്പേ പറഞ്ഞതാണിത്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ദാര്‍ശനിക ഉത്ഭവമാണ് ഈ വാക്കുകള്‍.
ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം മുമ്പൊരിക്കലുമില്ലാത്ത വെല്ലുവിളികളാണു നേരിടുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പുതിയ തലങ്ങളും മാനങ്ങളുമാണു രാജ്യം വീക്ഷിക്കുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം ഒപ്പിക്കാനാണ് എക്കാലത്തും രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും കൂറുമാറ്റങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാലിപ്പോഴാകട്ടെ, പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം തട്ടിക്കൂട്ടാനാണിത്. പ്രതിപക്ഷ പാര്‍ട്ടികളെ ആസൂത്രിതമായി പിളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അസാധ്യമായി ഒന്നുമില്ല. അതിലേക്കുള്ള വളഞ്ഞ വഴികളാണു തെറ്റ്.
കസേരകളിയിലെ അധാര്‍മികത
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ഭൂരിപക്ഷത്തിന്റെ ഭരണമാണു പാര്‍ലമെന്ററി ജനാധിപത്യം. ഭൂരിപക്ഷ പാര്‍ട്ടിയുടെയോ സഖ്യത്തിന്റെയോ നേതാവ് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയി ജനക്ഷേമവും രാജ്യതാത്പര്യങ്ങളും മുന്‍നിര്‍ത്തി ഭരണഘടനാപരമായി, നിയമവിധേയമായി ഭരണനിര്‍വഹണം നടത്തുന്നു. മഹത്തരമായ ജനാധിപത്യ ആശയമാണിത്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും അധാര്‍മികമായി കൂട്ടത്തോടെ കൂറുമാറ്റിക്കുന്നതു പതിവാകുകയാണ്.
ഒരിക്കല്‍ ഭരണത്തിലേറുന്നവര്‍ തുടര്‍ച്ചയായി കസേര നിലനിര്‍ത്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നു. ധാര്‍മികതയൊന്നും തടസമല്ല. ഭരണഘടനയില്‍ മുത്തമിട്ടുകൊണ്ടു ഭരണഘടനയുടെ അന്തഃസത്ത ചോര്‍ത്തുന്ന നടപടികളുമാകാം. അധികാരം, പണം, പോലീസ്, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ഉപയോഗിച്ചു ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. സമഭാവനയും തുല്യനീതിയും ഉറപ്പാക്കേണ്ടവര്‍, ജാതി-മത-വര്‍ഗീയ-പ്രാദേശിക ചേരിതിരിവുകളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ പാര്‍ട്ടികള്‍ പലതും മത്സരിക്കുന്നു. ജനങ്ങളെ മാത്രമല്ല, പ്രതിപക്ഷത്തെയും ഭിന്നിപ്പിച്ചും തകര്‍ത്തും മുന്നേറുന്നു.
കൂറുമാറ്റ നിയമം ആവിയായി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം പുതുമയുള്ളതല്ല. എംപിമാരെയും എംഎല്‍എമാരെയും മുമ്പും കൂറുമാറ്റിക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു പടികൂടി കടന്നുള്ള കൂട്ടക്കുതിരക്കച്ചവടമാണു നടക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിപക്ഷത്തെ കോര്‍പറേറ്റ് ശൈലിയില്‍ ഏറ്റെടുക്കുകയോ, മൊത്തമായി കൂറുമാറ്റിക്കുകയോ ചെയ്യുന്നു. പാര്‍ട്ടികളെ ഏതാണ്ടു മുഴുവനായി വിഴുങ്ങുന്നു. ഓപ്പറേഷന് ലോട്ടസ്, ഓപ്പറേഷന് ടൈഗര്‍ എന്നൊക്കെ ഓമനപ്പേരിട്ടാണ് ഈ ആധുനിക കുതിരക്കച്ചവടം. വോട്ടര്‍മാരുടെ വിശ്വാസം നേടുന്നതിലും എളുപ്പമാണ് ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുന്നതെന്നാണു ട്രോളര്‍മാരുടെ പരിഹാസം.
കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്തതാണു സമകാലിക രാഷ്ട്രീയത്തെ കലുഷിതവും അപകടകരവുമാക്കുന്നത്. വ്യവസ്ഥാപിതമായ ഒരു ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ഘടന ഇതിലുണ്ട്. സാമാജികരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തെ ഒരുമിച്ചാണു കൂറുമാറ്റി ലയിപ്പിച്ചു നിയമപരമായ അയോഗ്യതയില്‍നിന്നു തലയൂരുന്നത്. പിളരുന്ന പാര്‍ട്ടിയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരിലെ ഭൂരിപക്ഷം ഒരുമിച്ചു മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ അയോഗ്യത ഒഴിവാകുമെന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വ്യവസ്ഥയാണു ദുരുപയോഗിക്കപ്പെടുന്നത്.
വിമതര്‍ ഒറിജിനലാകും വിദ്യ
പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നത, നേതാവിന്റെ ധാര്‍ഷ്ട്യം തുടങ്ങി പല ന്യായീകരണങ്ങളും സ്വാഭാവികം. എന്നാല്‍, രാഷ്ട്രീയമായ അശ്ലീലമാകുമിത്. കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്നതു നല്ലതല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലപ്രദമായി ‘ഹൈജാക്ക്’ ചെയ്യപ്പെടുന്നു. ഭരിക്കുന്നവര്‍ ശക്തമാക്കുന്നതോടൊപ്പം പ്രതിപക്ഷത്തെ അതിവേഗം തകര്‍ത്തു തരിപ്പണമാക്കുന്ന കുതന്ത്രം.
സ്വന്തം നേതാവിനെയും പാര്‍ട്ടിയെയും വഞ്ചിച്ചു കൂറുമാറുന്ന പിളര്‍പ്പു ബ്ലോക്കിനെ യഥാര്‍ഥ പാര്‍ട്ടിയായി അംഗീകരിക്കുന്നതാണു മറ്റൊരു തന്ത്രം. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എന്‍സിപിയും പിളര്ത്തിയപ്പോള് ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു. പാര്‍ട്ടി സ്ഥാപകരുടെ ഒപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ സാമാജികരെ വിമത പക്ഷത്തെത്തിച്ചു. വിമതര്‍ ഒറിജിനലാകുന്ന രാഷ്ട്രീയ ജാലവിദ്യ.
കൂറു മാറുന്നവര്‍ക്കു കവചം
മന്ത്രിക്കസേരകളോ, അഞ്ചോ പത്തോ പതിനഞ്ചോ കോടി രൂപയോ കൊടുത്ത് എംപിമാരെയും എംഎല്‍എമാരെയും വിലയ്ക്കെടുക്കുന്നതു വാര്‍ത്തയല്ലാതായി. മന്ത്രിസ്ഥാനം അടക്കം മക്കളുടെ ഭാവി സുരക്ഷിതമാക്കി കൂറുമാറുന്ന നേതാക്കളുമേറെ. അഴിമതിക്കേസുകളില്‍ കുടുങ്ങിയവരെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനുകളെക്കുറിച്ചു രാജ്യം കണ്ടറിഞ്ഞു. ആദായനികുതി, ഇഡി, സിബിഐ റെയ്ഡ് അടക്കമുള്ള സമ്മര്‍ദങ്ങളില്‍ പെട്ടു കൂറു മാറുന്നവരുമുണ്ട്. പല അഴിമതി അന്വേഷണങ്ങളുടെയും ഗതി മാറിയത് അതിവേഗമാണ്. റിസോര്‍ട്ട് രാഷ്ട്രീയവും ചാര്‍ട്ടേഡ് വിമാനങ്ങളും ആഡംബര ബസ് യാത്രകളുംപോലെ പലതും മേമ്പൊടിയായി വെറെയുമുണ്ട്.
കൂറുമാറി ഭരണപക്ഷത്തെത്തിയാല് പിന്നെ പേടിക്കാനില്ല. രാഷ്ട്രീയകവചം ഉറപ്പ്. അധികാരത്തിന്റെ സുഖശീതളിമയില്‍ അഭിരമിക്കുകയും ചെയ്യാം. പ്രതിപക്ഷം ദുര്‍ബലമാകുന്നതോടെ, തെരഞ്ഞെടുപ്പില്‍ ജയിക്കാനും പ്രയാസമില്ല. കേരളവും തമിഴ്നാടും കര്‍ണാടകയും തെലുങ്കാനയും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണു നെടുകെ പിളര്‍പ്പിന്റെ കുതിരക്കച്ചവട രാഷ്ട്രീയം നിലവില്‍ വേണ്ടത്ര ഫലിക്കാത്തത്.
കൂട്ടത്തകര്‍ച്ചയുടെ രാഷ്ട്രീയം
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ ആം ആംദ്മി പാര്‍ട്ടിയും മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളുമാണു കൂട്ടക്കുതിരക്കച്ചവടത്തിന്റെ പ്രധാന ഇരകള്‍. കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ നേതാക്കളുടെ എണ്ണമെടുക്കാനാകും പ്രയാസം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനുള്ള യുപിയില്‍ സമാജ്വാദി പാര്‍ട്ടിയെ പിളര്‍ത്താനും നീക്കമുണ്ട്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിലെ ആറ് എംപിമാര്‍കൂടി ഈയിടെ ഷിന്‍ഡെയുടെ ക്യാമ്പിലേക്കു കൂറു മാറിയതും വെറുതെയാകില്ല.
2022 ജൂണിലാണ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വന്‍ അട്ടിമറി നടന്നത്. ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ നിലംപൊത്തി. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഷിന്‍ഡെ മുഖ്യമന്ത്രിയായി. ഷിന്‍ഡെ വിഭാഗത്തിനു തെരഞ്ഞെടുപ്പു കമ്മീഷന് യഥാര്‍ഥ പാര്‍ട്ടിപ്പേരും ചിഹ്നവും നല്കി. ഉദ്ധവിന്റേത് ശിവസേന (യുബിടി) ആയി. യുബിടിയിലെ ശേഷിക്കുന്ന എംപിമാരിലെ ആറ് പേര് കൂടി ഷിന്‍ഡെ ക്യാമ്പിലേക്ക് അടുത്തിടെ വീണ്ടും കൂറുമാറ്റിച്ചു.
അമിത് ഷാ ഊറിച്ചിരിക്കുന്നു
ശിവസേനയ്ക്കു പിന്നാലെ 2023 ജൂലൈയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ ശരദ് പവാറിന്റെ എന്‍സിപിയെ നെടുകെ പിളര്‍ത്തി. ബിജെപി-ശിവസേന സഖ്യ മന്ത്രിസഭയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. 2024 ഫെബ്രുവരിയില്‍ അജിത് പവാര്‍ വിഭാഗത്തെ നിയമാനുസൃത എന്‍സിപി വിഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ചു. പിന്നാലെ സ്പീക്കറും അംഗീകരിച്ചു. പാര്‍ട്ടിയുണ്ടാക്കിയ ശരദ് പവാറിന്റെ വിഭാഗം എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) ആയി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞു ബിജെപി ഭരണം പിടിച്ചതോടെ മമത ബാനര്‍ജിയുടെ കഷ്ടകാലം തുടങ്ങി. ആകെയുണ്ടായിരുന്ന 80 എംഎല്‍എമാരില്‍ 58 പേരും 28 ലോക്സഭാ എംപിമാരില്‍ 20 പേരും മമതയ്ക്കെതിരേ തിരിഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയെ മറികടക്കാന്‍ കേട്ടിട്ടുപോലുമില്ലാത്ത ത്രിപുരയിലെ ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ’യില്‍ ലയിച്ചു. അമിത് ഷായും ബിജെപിയും ഊറിച്ചിരിക്കുന്നു.