ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.