ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതിൽ മുസ്ലിം ലീഗിന് വിയോജിപ്പുണ്ടായിരുന്നുവെന്ന് മന്ത്രി കെ.എം.ഷാജി. എന്നാൽ മുന്നണി മര്യാദകളുടെ ഭാഗമായി മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നതാണ് ലീഗിന്റെ എക്കാലത്തെയും നിലപാട്. യുഡിഎഫ് അധികാരത്തിൽ വന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങിയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെ പേരിൽ സർക്കാരിന്റെ പൊതുവായ തീരുമാനങ്ങൾ റദ്ദാക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെ ഷാജി പൂർണമായി അനുകൂലിച്ചു. ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾ അനാവശ്യമാണ്. വർഗീയവാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശവും ശേഷാദ്രിനാഥന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.