ചങ്ങനാശേരി: ലോക ഡയബറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി 22ന് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മധുരമീ സൈക്കിള്‍ സവാരി സംഘടിപ്പിക്കും. ആരോഗ്യകരമായ നാളേക്കായി സൈക്കിള്‍, കണക്ട്, കെയര്‍ എന്ന സന്ദേശവുമായാണ് ഹീല്‍ റൈഡ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ അങ്കണത്തില്‍ അന്താരാഷ്ട്ര നീന്തല്‍ താരം സുമി സിറിയക് സൈക്കിള്‍ സവാരിയുടെ ഉദ്ഘാടനം നിര്‍ഹിക്കും. 31 കിലോമീറ്റര്‍ ദൂരമാണ് റൈഡ് കടന്നുപോകുന്നത്.
ചെത്തിപ്പുഴ ആശുപത്രിയില്‍നിന്ന് തെങ്ങണ, കറുകച്ചാല്‍, നെത്തല്ലൂര്‍, തോട്ടയ്ക്കാട്, കൈതേപ്പാലം, ഞാലിയാകുഴി വഴി ആശുപത്രിയില്‍ അവസാനിക്കും. ആരോഗ്യ ബോധവത്കരണത്തോടൊപ്പം വ്യായാമത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പിൽ, ഡോ. നവീന്‍ എസ്. നായര്‍, പോള്‍ മാത്യു എന്നിവർ അറിയിച്ചു.
രജിസ്റ്റർ ചെയ്തവര്‍ക്ക് മാത്രമേ സൈക്കിള്‍ സവാരിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പങ്കെടുക്കുന്നവർക്ക് സൗജന്യമായി സൈക്ലിംഗ് ജഴ്സി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9207 846 999 എന്ന നമ്പരില്‍ ബന്ധപ്പെടണം.