Sports
ഉപ്സാല (സ്വീഡന്): പ്രായം വെറും 26. സ്വന്തം പേരില്‍ ഒരു രാജ്യാന്തര അത്ലറ്റിക് മീറ്റ്. ആ മീറ്റില്‍ സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് തിരുത്തുക.
ലോക റിക്കാര്‍ഡ് തിരുത്തുന്നതാണെങ്കിലോ, 15-ാം തവണ. ഇതിനെല്ലാം പുറമേ കഴിഞ്ഞ ആറ് വര്‍ഷമായി ലോക റിക്കാര്‍ഡ് കുത്തകയാക്കിവയ്ക്കുക... ഇത്തരത്തില്‍ ഒരേയൊരു പ്രതിഭയേയുള്ളൂ; മോണ്‍ഡോ എന്ന വിളിപ്പേരുള്ള, അമേരിക്കയില്‍ ജനിച്ച സ്വീഡിഷ് പോള്‍വോള്‍ട്ട് സൂപ്പര്‍താരം അര്‍മാന്‍ഡ് ഗുസ്താവ് ഡുപ്ലാന്റിസ്.
►15-ാം ലോക റിക്കാര്‍ഡ്
പുരുഷ പോള്‍വോള്‍ട്ടില്‍ 15-ാം തവണയും അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് തിരുത്തി. ഉപ്സാലയില്‍ അരങ്ങേറിയ മോണ്‍ഡോ ക്ലാസിക്കില്‍ 6.31 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു തന്റെ പേരിലുള്ള ലോക റിക്കാര്‍ഡ് 15-ാം തവണയും ഡുപ്ലാന്റിസ് തിരുത്തിയത്. 6.31 മീറ്റര്‍ ആദ്യശ്രമത്തില്‍ത്തന്നെ ഡുപ്ലാന്റിസ് ക്ലിയര്‍ ചെയ്തു.
ഡുപ്ലാന്റിസിന്റെ അഡോപ്റ്റഡ് ഹോം ടൗണായ ഉപ്സാലയില്‍ അരങ്ങേറിയ ഇവന്റില്‍ വെറും നാല് തവണ മാത്രമാണ് ഡുപ്ലാന്റിസ് പോളില്‍ കുത്തി വായുവില്‍ ഉയര്‍ന്നു ചാടിയത്. ആദ്യ ശ്രമം 5.65 മീറ്റര്‍. തുടര്‍ന്ന് 5.90, 6.08 മീറ്ററുകളും ക്ലിയര്‍ ചെയ്തു. തുടര്‍ന്ന് 23 സെന്റിമീറ്റര്‍ ഉയര്‍ത്തി, 6.31 മീറ്ററിലേക്ക് ബാര്‍ വയ്ക്കാന്‍ ഡുപ്ലാന്റിസ് ആവശ്യപ്പെട്ടു. ഒറ്റച്ചാട്ടത്തില്‍ ഡുപ്ലാന്റിസ് പുതിയ ലോക റിക്കാര്‍ഡില്‍. ഇതു രണ്ടാം തവണയാണ് ഡുപ്ലാന്റിസ്, സ്വീഡനില്‍വച്ച് ലോക റിക്കാര്‍ഡ് തിരുത്തുന്നത്. 2025 ജൂണില്‍ സ്റ്റോക്ഹോമില്‍വച്ച് 6.28 ക്ലിയര്‍ ചെയ്ത് റിക്കാര്‍ഡ് കുറിച്ചതായിരുന്നു ആദ്യത്തേത്.
► മോണ്‍ഡോ/ഉലകനായകന്
കുട്ടിക്കാലം മുതല്‍ മോണ്‍ഡോ എന്നായിരുന്നു അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. മോണ്‍ഡോ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം ലോകം എന്നാണ്. തന്റെ വിളിപ്പേരിനെ സാധൂകരിച്ച് പോള്‍വോള്‍ട്ടിലെ ഉലകനായകനായിരിക്കുകയാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ്.
മോണ്‍ഡോ ക്ലാസിക്ക് എന്നാണ് ഉപ്സാലയില്‍ നടന്ന മീറ്റിന്റെ പേര് എന്നതും ശ്രദ്ധേയം. 2020 ഫെബ്രുവരി എട്ട് മുതല്‍ പോള്‍വോള്‍ട്ടിലെ ലോക റിക്കാര്‍ഡ് ഈ സ്വീഡിഷ് താരത്തിനു സ്വന്തം. 2025 സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവസാനമായി മോണ്‍ഡോ ലോക റിക്കാര്‍ഡ് തിരുത്തിയത്.
നോര്‍വെയുടെ സോണ്ഡ്രെ ഗുട്ടോംസെന് (6.00 മീറ്റര്‍) മോണ്‍ഡോ ക്ലാസിക്കില്‍ വെള്ളി നേടി. അതേസമയം, ഗ്രീക്ക് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 6.17 മീറ്റര്‍ കുറിച്ച എമ്മാനുവില് കരാലിസിന് 6.00 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. ഡുപ്ലാന്റിസിനുശേഷം 6.17 മീറ്റര്‍ ക്ലിയര്‍ ചെയ്ത ആദ്യ പോള്‍വോള്‍ട്ടറാണ് ഗ്രീസിന്റെ കരാലിസ്.
District News
അഞ്ചല്‍ : പരീക്ഷയിൽ രണ്ടു മാര്‍ക്കു കുറഞ്ഞതിനാല്‍ വിദ്യാര്‍ഥിനിയുടെ കൈ സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപകന് അടിച്ചുപൊട്ടിച്ചതായി പരാതി. ഏരൂര്‍ നെട്ടയം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് നെട്ടയത്ത് പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന് സെന്ററില്‍ കണക്കിനു പരീക്ഷ നടത്തിയത്. പരീക്ഷയില്‍ 40 ല്‍ 38 മാര്‍ക്കും വിദ്യാര്‍ഥിനി വാങ്ങിയിരുന്നു. എന്നാല്‍ രണ്ടു മാര്‍ക്ക് കുറഞ്ഞു പോയതിനാണ് അധ്യാപകന് കൈക്കു വടികൊണ്ടു അടിച്ചു പരിക്കേല്‍പ്പിച്ചതെന്നു വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ രണ്ടു കുട്ടികളെ ഒഴിച്ച് മറ്റുള്ള കുട്ടികളെയെല്ലാം അടിച്ചതായും വിദ്യാര്‍ഥിനി വ്യക്തമാക്കി. സംഭവത്തില്‍ മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഏരൂര്‍ പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സിപിഎം -ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടിച്ചു സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ ട്യൂഷന് സെന്ററിന്റെ ബോര്‍ഡ് ഉള്‍പ്പടെയുള്ളവ നശിപ്പിച്ചു.
ശക്തമായ നടപടി ഉണ്ടായില്ലങ്കില്‍ പ്രതിഷേധ പരിപാടികളിലേക്കു നീങ്ങുമെന്ന് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷൈന്‍ ബാബു പറഞ്ഞു. സ്ഥാപനത്തില്‍ അതിക്രമിച്ചു കടന്ന് ഒരു സംഘം ആളുകള്‍ കേടുപാടുകള്‍ വരുത്തിയതായി ചൂണ്ടിക്കാട്ടി ട്യൂഷന് സെന്റര്‍ ഉടമയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Sports
റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.
2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.