കാഞ്ഞിരപ്പള്ളി: മൂന്നു മുന്നണികൾക്കും കരുത്തരായ സ്ഥാനാർഥികൾ എത്തിയതോടെ കാഞ്ഞിരപ്പള്ളിയിൽ തീപാറും പോരാട്ടമാകുമെന്ന് ഉറപ്പായി. എൻഡിഎയ്ക്കായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തിയതോടെ മണ്ഡലത്തിന് ദേശീയ ശ്രദ്ധ കൈവന്നുകഴിഞ്ഞു.
സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ്-എമ്മിലെ പ്രഫ. എൻ.ജയരാജും യുഡിഎഫിനായി കന്നിപ്പോരാട്ടത്തിനിറങ്ങുന്ന കോൺഗ്രസിലെ റോണി കെ. ബേബിയും കൂടി ചേർന്നതോടെ മണ്ഡലത്തിൽ രാഷ്ട്രീയപോരാട്ടം കനത്തു.
സ്ഥാനാർഥിത്വം വൈകി പ്രഖ്യാപിച്ചത് പരിഹരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് യുഡിഎഫ് സ്ഥാനാർഥി. ഇന്നലെ കങ്ങഴ, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രമുഖരെ നേരിൽകണ്ട് പിന്തുണ അഭ്യർഥിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം റോണി പ്രവർത്തകർക്കൊപ്പം പത്തനാട് മുതൽ കറുകച്ചാൽ വരെ റോഡ് ഷോ നടത്തി. നാളെ രാവിലെ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിലെത്തി പത്രിക സമർപ്പിക്കും.
എൽഡിഎഫ് സ്ഥാനാർഥി ജയരാജ് പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലാണ്. മണ്ഡലത്തിന്റെ എല്ലായിടങ്ങളിലും ഇടതു സ്ഥാനാർഥിയുടെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നുകഴിഞ്ഞു. കങ്ങഴ, പത്തനാട്, കാനം, ആലപ്ര, വാഴൂർ, ചിറക്കടവ്, മണിമല എന്നിവിടങ്ങളിലെ പ്രമുഖരെയും ജനങ്ങളെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ജയരാജ്.
എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. കങ്ങഴ, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ പര്യടനം നടത്തിയാണ് ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിത്. മണ്ഡലത്തിലെ പൗരപ്രമുഖരെ എല്ലാം കേന്ദ്രമന്ത്രി നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു.
ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. അതുകൊണ്ടുതന്നെ ശക്തമായ പ്രചാരണമാണ് പാർട്ടി നടത്തുന്നത്. ജോർജ് കുര്യനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എൽഡിഎഫ് കൺവൻഷൻ
പൊന്കുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻകുന്നം ലീലാമഹല് ഓഡിറ്റോറിയത്തിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കെ.ജെ. തോമസ്, വി.കെ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പത്രിക നൽകി
കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ്, എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ എന്നിവർ പത്രിക സമർപ്പിച്ചു. സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരി തഹസിൽദാർ അനീഷ് ഈപ്പന് മുമ്പാകെയാണ് ഇരുവരും പത്രിക നൽകിയത്. ഇടത് സ്ഥാനാർഥി മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്.
ജോർജ് കുര്യനൊപ്പം കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളും ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ ജംഗ്ഷനിൽ നിന്ന് മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർക്കൊപ്പം പ്രകടനമായിട്ടാണ് എൻഡിഎ സ്ഥാനാർഥി പത്രിക സമർപ്പണത്തിനെത്തിയത്.
റോണി കെ. ബേബി (യുഡിഎഫ്)
കഴിഞ്ഞ പത്തു വർഷത്തെ ഇടതു ദുർഭരണവും കാഞ്ഞിരപ്പള്ളിയെ പിന്നോട്ടടിക്കുന്ന വികസന മുരടിപ്പും അവസാനിപ്പിക്കേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനും കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനവുമാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിൽ ഒരു മാറ്റം വരേണ്ടതുണ്ട്.
ഡോ. എൻ. ജയരാജ് (എൽഡിഎഫ്)
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഇടതുസർക്കാർ പത്തു വർഷത്തിനുള്ളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി. ഇതു ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനം വോട്ട് നൽകും. വികസനത്തോടൊപ്പം ജനക്ഷേമ പ്രവർത്തനങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സർക്കാർ നടത്തിയ ഇടപെടലുകൾ ജനങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
ജോർജ് കുര്യൻ (എൻഡിഎ)
വികസിത ഭാരത്തിനൊപ്പം സമഗ്ര വികസിത കാഞ്ഞിരപ്പള്ളിയാണ് പ്രധാന ലക്ഷ്യം. കാഞ്ഞിരപ്പള്ളി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാര പദ്ധതികൾ ബിജെപിയുടെ അജൻഡയിലുണ്ട്. കുടിവെള്ളം, റോഡ്, ബൈപാസ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കാഞ്ഞിരപ്പള്ളിയിലുണ്ട്. ഇവയെല്ലാം പരിഹരിക്കുകയും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ മണ്ഡലത്തിലെത്തിക്കുകയും ചെയ്യും.
Tags : nattu vishesham breaks