കൊച്ചി: നഗരത്തിലെ ഹോട്ടലുകള്‍, തട്ടുകടകള്‍ വഴിയോര ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ ഇന്ന് മുതല്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം, കൊച്ചി നഗരസഭാ ആരോഗ്യ വിഭാഗം, പോലീസ് വകുപ്പുകളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഇന്ന് മുതല്‍ ഈ മാസം മുഴുവന്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കലൂര്‍, കടവന്ത്ര പ്രദേശങ്ങളിലെ ഏഴ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് ഫൈന്‍ ഈടാക്കി.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുക, കുടിവെള്ള പരിശോധനാ ഫലം ലഭ്യമല്ലാതിരിക്കുക, ഹെല്‍ത്ത് കാര്‍ഡിന്റെ അഭാവം എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നുമാണ് പിഴ ഈടാക്കിയത്. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ഇല്ലാത്ത ആറ് കടകളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്ന രീതിയില്‍ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ആഹാര പാനീയങ്ങള്‍ തയാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.