പ്രതീകാത്മക ചിത്രം
വാഗമൺ: വർഷത്തിൽ എട്ടു മാസത്തോളം മഴ പെയ്യുന്ന വാഗമണിൽ, അഞ്ഞൂറിലധികം തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഗവ. ഹൈസ്കൂൾ രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ. ഭരണപരമായ അനാസ്ഥയിലും നട്ടംതിരിയുകയാണ് ഈ വിദ്യാലയം. സ്കൂളിൽ സ്ഥിരമായി ഹെഡ്മാസ്റ്റർ പോലുമില്ലാത്ത അവസ്ഥയാണ്.
സ്കൂളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പിടിഎയും അധ്യാപകരും ചേർന്ന് ആഴ്ചതോറും 1500 രൂപ മുടക്കി വെള്ളം വിലയ്ക്കുവാങ്ങുകയാണ്. സ്കൂളിലുണ്ടായിരുന്ന കുഴൽക്കിണറിന്റെ മോട്ടോർ തകരാറിലായിട്ട് മാസങ്ങളായി. 200 അടിയോളം താഴ്ചയിലുള്ള കിണറ്റിലെ മോട്ടോർ പുറത്തെടുക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, സ്കൂളിനുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള സ്രോതസിന്റെ പൈപ്പ്ലൈൻ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിനെത്തുടർന്ന് അതും മാസങ്ങളായി പ്രവർത്തനരഹിതമാണ്.
അധികൃതരുടെ അവഗണന
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളടക്കം വിവിധ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഒരു നടപടിയുമുണ്ടായില്ല. വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.
നാഥനില്ലാത്ത അവസ്ഥ
പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സ്കൂളിലെ ഹെഡ്മാസ്റ്റർസ്ഥാനം ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. നിലവിലുണ്ടായിരുന്ന ഹെഡ്മാസ്റ്റർ സ്ഥലംമാറിപ്പോയതിനെത്തുടർന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. സെൻസസ് നടക്കുന്നത് ചൂണ്ടിക്കാട്ടി എച്ച്എം ലിസ്റ്റിലുള്ളവർ ഡ്യൂട്ടിയിലാണെന്നാണ് അധികൃതരുടെ ന്യായീകരണം. എച്ച്എം സ്ഥാനത്തേക്ക് പ്രമോഷൻ ലഭിക്കാൻ കെ-ടെറ്റ് യോഗ്യത നിർബന്ധമാണെങ്കിലും ലിസ്റ്റിലുള്ളവരിൽ പലരും ഈ പരീക്ഷ പാസാകാത്തവരാണെന്നും ആക്ഷേപമുണ്ട്.
നിലവിൽ എച്ച്എമ്മിന്റെ അധിക ചുമതലയുള്ള അധ്യാപകൻ ക്ലാസെടുക്കുന്നതിനും സെൻസസ് ഡ്യൂട്ടിക്കും ഒപ്പം ഭരണപരമായ ചുമതലകളുംകൂടി നിർവഹിക്കേണ്ട ഗതികേടിലാണ്. സ്കൂളിലെ ഈ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.