കടുത്തുരുത്തി: ഓട്ടോറിക്ഷകളില്‍ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ കയറ്റാവൂ എന്ന കേരള മോട്ടോര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഓട്ടോറിക്ഷകളില്‍ ചരക്കുകള്‍ കയറ്റുന്നതായുള്ള പരാതി കൂടിയതോടെയാണ് ആര്‍ടിഒമാര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
സാധനങ്ങള്‍ കയറ്റിപ്പോകുന്നതിന്റെ ഫോട്ടോകള്‍ പരാതിയായി പലയിടത്തുനിന്നും ആര്‍ടിഒ ഓഫീസുകളില്‍ കിട്ടുന്നുണ്ട്. കേരള മോട്ടോര്‍ വാഹന ചട്ടം 154 (5) പ്രകാരം പാസഞ്ചര്‍ ഓട്ടോകളില്‍ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.
ഡ്രൈവിംഗ് ലൈസന്‍സും പെര്‍മിറ്റും വരെ റദ്ദാക്കാനുള്ള സാഹചര്യമാണ് ഇതേ കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ഇ-ചെലാൻ വന്നതോടെ കൂടുതല്‍ പിഴ ഈടാക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. രണ്ടാമതും പിടിക്കപ്പെട്ടാല്‍ മുമ്പത്തെ പിഴ ഇ-പോസ് മെഷിനില്‍ കാണിക്കും. മിനിമം പിഴ ആദ്യ തവണ മൂവായിരമാണെങ്കില്, രണ്ടാം തവണ 7,500 രൂപയാകും. സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ കണ്ടെത്തിയാല്‍ ആദ്യതവണ തന്നെ 10,000 രൂപ പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നു. യാത്രക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ ഓട്ടോറിക്ഷയില്‍ ഒപ്പം കൊണ്ടുപോകുന്നതിന് തടസമില്ല.
എന്നാല്‍, അതിന്റെ ഭാരം എത്രയെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന സാധനങ്ങള്‍ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് ഓട്ടോറിക്ഷ യാത്രയ്ക്കു അനുവദിച്ചിരിക്കുന്നത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും സാധനങ്ങളെത്തിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ചുമതലപ്പെടുത്തുന്നുണ്ട്. ഇതു നിയമവിരുദ്ധമാണ്. ഗുഡ്സ് വാഹനങ്ങളുടെ ഉടമകളാണ് ഇക്കാര്യത്തില്‍ പ്രധാന പരാതിക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും ഓട്ടോറിക്ഷകള്‍ തടഞ്ഞിടുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നതും മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.