നായ്ക്കൾക്ക് ഡോ. മേരി ഗ്രേസി പ്രതിരോധ കുത്തിവയ്പ് നൽകുന്നു.
വെള്ളൂർ: വെള്ളൂർ മടത്തേടം ഭാഗത്ത് വീട്ടമ്മയടക്കം മൂന്നുപേരെ കടിച്ചു ഗുരുതരമായി പരിക്കേൽപിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.വഴിയോരത്ത് ചത്ത നിലയിൽ കാണപ്പെട്ട തെരുവുനായയുടെ സ്രവം ലാബിൽ പരിശോധന നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആളുകൾക്ക് പുറമെ നിരവധി തെരുവുനായ്ക്കളെയും വളർത്തുനായ്ക്കളെയും പൂച്ചകളെയും ഈ നായ കടിച്ചു പരിക്കേൽപിച്ചിരുന്നു.
ഇതിൽ ഒരു വളർത്തുനായയും പൂച്ചയും ചത്തു. രണ്ട് വളർത്തുനായ്ക്കൾ മൃതപ്രായരാണ്.
പേവിഷബാധ സ്ഥിരീകരിച്ച നായയ്ക്ക് ഒപ്പമുണ്ടായിരുന്ന നായയ്ക്ക് കടിയേറ്റിരുന്നെങ്കിലും ഈ നായയെ ഇപ്പോൾ കാണാനില്ലാത്തത് പ്രദേശത്ത് ആശങ്ക പരത്തുകയാണ്.
പള്ളിക്കുന്ന് ഭാഗത്ത് ഈ നായയെ പ്രദേശവാസികൾ കണ്ടിരുന്നെങ്കിലും പിന്നീട് നായപിടിത്തകാരും നാട്ടുകാരും തെരഞ്ഞിട്ടും കണ്ടില്ല. വെള്ളൂർ കമ്പനിപ്പടി, അടഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ, ഇഎസ്എ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഈ ഭാഗത്തെ നായ്ക്കളെ ഈ നായ കടിച്ചിട്ടുണ്ടോയെന്ന ആശങ്കയാണ് പരക്കുന്നത്.
ഇന്ന് നായപിടിത്തക്കാർ എത്തി അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി പ്രതിരോധകുത്തിവയ്പു നൽകും.
ഞായറാഴ്ച മടത്തേടം ഭാഗത്തെ വീടുകളിൽ വളർത്തുനായ്ക്കൾക്ക് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. കരിപ്പാടം മൃഗാശുപത്രിയിലെ ഡോക്ടർ മേരി ഗ്രേസിയുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റ് വിദേശ ഇനത്തിൽപ്പെട്ട നാല് മാസം പ്രായമുള്ള നായ ചത്തതുമായി ബന്ധപ്പെട്ട് നായയുടെ ഉടമസ്ഥനും കുടുംബാംഗങ്ങളും പ്രതിരോധ കുത്തിവയ്പെടുത്തു.
പ്രതിരോധ കുത്തിവയ്പ് ക്യാന്പ്
വെള്ളൂർ: പേവിഷബാധയെതുടർന്ന് ചത്ത തെരുവുനായ നിരവധി തെരുവുനായ്ക്കളെയും പൂച്ചക്കളെയും കടിച്ച് പരിക്കേൽപിച്ചത് കണക്കിലെടുത്ത് വെള്ളൂർ മടത്തേടം കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനായി ക്യാമ്പ് നടത്തും. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ 10ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും.
Tags : Nattuvishesham DistrictsNews