തൃപ്പൂണിത്തുറ: വീടുകളിലെത്തി ബാംബൂ കർട്ടനിട്ട് തരാമെന്ന് പറഞ്ഞ് തുക പറഞ്ഞുറപ്പിച്ച് പണി ചെയ്തശേഷം കൂടുതൽ പണം ആവശ്യപ്പെടുന്ന സംഘം ജനങ്ങൾക്ക് ഭീഷണിയാകുന്നതായി പരാതി. ഇത്തരം സംഘങ്ങൾ നിർബന്ധപൂർവം വീട്ടുകാരെ കെണിയിൽപ്പെടുത്തുന്നതായാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ബാംബൂ കർട്ടൻ ഇടാമെന്ന് പറഞ്ഞ് എരൂർ മാമ്പിള്ളി ലൈനിലെ വീട്ടിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ബാംബൂ കർട്ടൻ ഇടാമെന്ന് പറഞ്ഞ് എത്തിയവരോട് വീട്ടുകാർ ആദ്യം ആവശ്യമില്ലെന്ന് പറഞ്ഞു. എന്നാൽ തങ്ങൾ പത്തനംതിട്ടയിൽ നിന്നു വരികയാണെന്നും ജീവിക്കാൻ വേണ്ടിയാണെന്നും പറഞ്ഞപ്പോൾ ദയ തോന്നി എത്ര രൂപ വരുമെന്ന് വീട്ടുകാർ ചോദിച്ചു. 1700 രൂപയാകുമെന്നായിരുന്നു മറുപടി.
അത്രയും തുക ഇപ്പോൾ തരാനില്ലെന്ന് പറഞ്ഞപ്പോൾ പിന്നീട് തന്നാൽ മതിയെന്നും പറഞ്ഞ് ഉടൻ വീട്ടുകാരുടെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ക്ഷണനേരം കൊണ്ട് ബാംബൂ കർട്ടൻ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് അളവ് എടുത്ത ശേഷം 6000 രൂപ സംഘം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്. തുക 1700 രൂപ പറഞ്ഞതല്ലേയെന്ന് ചോദിച്ചപ്പോഴാണ് പാവങ്ങളെ പോലെ വന്നവർ തനിനിറം കാട്ടിയത്. 6000 രൂപ കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇത്രയും തുകയ്ക്ക് വേണ്ടയെന്ന് പറഞ്ഞപ്പോൾ കർട്ടൻ അഴിക്കാൻ പറ്റില്ലെന്നും ഇതിന്റെ ചാർജ് നിങ്ങളിൽ നിന്ന് വാങ്ങിക്കാൻ ഞങ്ങൾക്ക് അറിയാമെന്നുമായിരുന്നു സംഘം പറഞ്ഞത്.
ഭീഷണി കൂടിയതോടെ വീട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘം കർട്ടൻ അഴിച്ചെടുത്തത്.