വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാളസിനിമയ്ക്ക് നേട്ടങ്ങളേറെയാണ്. മലയാളസിനിമ മേഖലയെ വികസിപ്പിക്കാൻ സമഗ്രപദ്ധതികളാണ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജെ.സി. ഡാനിയേൽ ഇന്റർനാഷ്ണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും.
സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരമായ വേദി സൃഷ്ടിക്കൽ, ആന്റി പൈറസി സെല്ലുകൾ രൂപികരിക്കൽ, ദേശീയ അന്തരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നൂറുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.
ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.
കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.