Leader Page
ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്കരിക്കുന്പോൾ - 2
പ്ലസ് ടു സയൻസ് പഠിക്കുന്ന വിദ്യാർഥി നിലവിൽ വലിയ പഠനഭാരം വഹിക്കുന്നുണ്ട്. അതിനിടയിൽ ഒരു വിഷയമായി സാമൂഹ്യശാസ്ത്ര പഠനം ചേർക്കുന്നത് സ്വീകാര്യമായെന്നു വരില്ല. എന്നാൽ, കോളജുകളിൽ ഇപ്പോൾ നടപ്പാക്കുന്ന ആഡ് ഓൺ കോഴ്സുകളെ മാതൃകയാക്കാം.
സയൻസ്, കൊമേഴ്സ് കുട്ടികൾക്ക് ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ മാനവിക വിഷയങ്ങൾ പഠിക്കാൻ അവസരം നൽകണം. സാമൂഹ്യപാഠ പഠനം ക്രെഡിറ്റായി ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. അതിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിയൻ സ്റ്റഡീസുമൊക്കെയുൾപ്പെടുത്തണം. പ്രധാനമായി പഠിപ്പിക്കേണ്ടത് പൗരബോധമാണ്. തന്റെ അവകാശങ്ങളെക്കുറിച്ചു മാത്രമാണ് ഇന്നത്തെ കുട്ടി ചിന്തിക്കുന്നത്. കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം.
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട മറ്റൊരു മേഖല കരിയർ ഗൈഡൻസ് ആണ്. കുട്ടിയെ അനുയോജ്യമായ തൊഴിൽ മേഖലയിലേക്ക് നയിക്കാനുതകുന്ന വിഭവങ്ങൾ പാഠപുസ്തകത്തിലുണ്ടാകുക എന്നതാണ് പ്രധാനം. നിർഭാഗ്യവശാൽ നമ്മുടെ നിലവിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമൊന്നും സ്വന്തം കരിയർ കണ്ടെത്തുന്നതിന് കുട്ടിയെ അത്രയ്ക്കൊന്നും സഹായിക്കുന്നതല്ല. അതുകൊണ്ടുതന്നെ പുതിയ പാഠപുസ്തകം തയാറാക്കുമ്പോൾ കുട്ടിക്ക് തന്റെ തൊഴിൽമേഖല ഏതെന്നു തിരിച്ചറിയാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുംവിധമുള്ള ഉള്ളടക്കം ക്രമീകരിക്കേണ്ടിയിരിക്കുന്നു.
അഭിരുചിയും ശേഷിയും
പഠനകാലത്തുതന്നെ തൊഴിലുമായി ബന്ധപ്പെട്ട് കുട്ടിയിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനൊപ്പം തന്നെ അഭിരുചിയും തിരിച്ചറിയണം. ഒരാൾ സ്വന്തം തൊഴിൽ മേഖലയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നെങ്കിൽ അതിനർഥം അതയാളുടെ അഭിരുചിക്കിണങ്ങിയ തൊഴിലാണ് എന്നതാണ്. എന്നിരുന്നാലും ഇന്നത്തെ കാലത്ത് പല കുട്ടികളും ഓരോ കോഴ്സിനു ചേരുന്നതുതന്നെ മറ്റു പലരും പോയ വഴിയാണെന്നതു കൊണ്ടു മാത്രമാണ്. ഇതുപോലെ പ്രധാനപ്പെട്ടതാണ് ശേഷീവികാസം. സ്വന്തം തൊഴിൽ മേഖലയിൽ ശേഷി വികസിപ്പിക്കാതെ ആർക്കും വിജയം കൈവരിക്കാനാകില്ല. ഉദാഹരണമായി, കേവലമൊരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആണെങ്കിൽ പോലും അയാളുടെ ടൈപ്പ്റൈറ്റിംഗ് സ്പീഡും കൃത്യതയുമൊക്കെയാണ് ജോലിസ്ഥിരതയിലേക്ക് നയിക്കുക. അതായത്, പഠനകാലത്തുതന്നെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനൊപ്പംതന്നെ കുട്ടിക്ക് സ്വന്തം അഭിരുചിയും ശേഷിയുമൊക്കെ പരിപോഷിപ്പിക്കാനുതകും വിധമുള്ള പുസ്തകപരിഷ്കരണമാണ് അനിവാര്യമാകുന്നത്.
റീസണിംഗ്, മെന്റൽ എബിലിറ്റി
നിലവിലെ പാഠപുസ്തക ശൈലിയിലും മാറ്റം വരുത്താവുന്നതാണ്. നിലവിലുള്ള പദ്യ, ഗദ്യ, ചോദ്യോത്തര രീതികളൊക്കെ തുടരുന്നതിനൊപ്പം കുട്ടിയുടെ തൊഴിൽ താത്പര്യങ്ങൾ കണ്ടെത്താനുതകുന്ന റീസണിംഗ്, മെന്റൽ എബിലിറ്റി തുടങ്ങിയ മാനസിക കരുത്തും ക്ഷമയും പരീക്ഷിക്കുന്ന ഭാഗങ്ങളും പാഠപുസ്തകത്തിൽ ചേർക്കാവുന്നതാണ്.
ഇത്തരത്തിൽ ചിത്രങ്ങളും ബിംബങ്ങളും ചിഹ്നങ്ങളുമൊക്കെ ചേർത്തുണ്ടാക്കുന്ന ചോദ്യങ്ങൾ പരിശീലിക്കുക വഴി കുട്ടിക്ക് സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ഭാവിയിൽ നേരിടേണ്ടിവരുന്ന മത്സരപരീക്ഷകൾക്കുള്ള മുന്നൊരുക്കവുമാണത്.
എത്രയോ മനുഷ്യരാണ് തെറ്റായ പഠനവഴികളിലൂടെ സഞ്ചരിച്ച് അതൃപ്തിയോടെ തങ്ങളുടെ തൊഴിൽ മേഖലകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നത്. പഠിച്ച അറിവും നേടിയെടുത്ത ശേഷികളും ശരിയായ വിധത്തിൽ പ്രയോഗിക്കാനാവാതെ അസംതൃപ്തരായി കഴിയുന്നതിനു പിന്നിലുള്ള കാരണം സ്കൂൾ പഠനകാലത്ത് ശരിയായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നതാണ്. അതുകൊണ്ടുതന്നെ സ്കൂളുകളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ നടപ്പാക്കിവരുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ ഹൈസ്കൂൾ തലത്തിൽ, പ്രത്യേകിച്ച് പത്താം തരത്തിൽ നൽകിയാൽ പല കുട്ടികളുടെയും തെറ്റായ ഹയർ സെക്കൻഡറി വിഷയ തെരെഞ്ഞെടുപ്പിന് ഒരു പരിഹാരമായേക്കും.
പാഠപുസ്തകവും ഉള്ളടക്കവും
പാഠപുസ്തക പരിഷ്കരണം നടപ്പാക്കുന്ന സമയത്ത് ഉള്ളടക്കമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കുട്ടികളെ എന്തു പഠിപ്പിക്കണമെന്നതു സംബന്ധിച്ച് വിവിധ നയങ്ങളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമൊക്കെ പാലിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും സമൂഹത്തിൽ വ്യത്യസ്തമായും അപൂർവമായും സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കണം. പ്രവർത്തനാധിഷ്ഠിതവും ഐടി അധിഷ്ഠിതവുമായ ക്ലാസ് മുറികൾ നിലവിൽ വന്നതിൽപ്പിന്നെ കുട്ടികളും അധ്യാപകരും തിരക്കിലാണ്. അതു പക്ഷേ, കുറച്ചുകൂടി ക്രിയാത്മകമായി മാറേണ്ടിയിരിക്കുന്നു.
വിവിധ മേഖലകളിലെ നയരൂപീകരണങ്ങളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. കാർഷിക നയത്തിൽ തുടങ്ങി കാലാവസ്ഥ, ആരോഗ്യം, സാമ്പത്തികം, വിദേശനയം, ദുരന്തനിവാരണം എന്നിങ്ങനെ വിവരങ്ങളുടെ വിശകലനംവരെ പോളിസി തലത്തിൽ സാധ്യതയുള്ള വിഷയങ്ങളാണ്. പല വികസിത രാജ്യങ്ങളിലും വികസനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതിയിൽ എൻജിനിയർ, ഉദ്യോഗസ്ഥർ തുടങ്ങി വിഷയവുമായി നേരിട്ടു ബന്ധമുള്ളവരെ കൂടാതെ, നിർബന്ധമായും സോഷ്യോളജിസ്റ്റിനും സ്ഥാനമുണ്ട്. അവിടെ ചെലവഴിക്കുന്ന പണംകൊണ്ട് എന്തൊക്കെ ഗുണവശങ്ങളുണ്ടെന്നു പഠിക്കുന്നതിനൊപ്പം പദ്ധതി നാട്ടലുള്ളവർക്ക് പ്രയോജനകരമാണോയെന്നും കുറഞ്ഞത് ഒരു തലമുറയ്ക്കെങ്കിലും പ്രയോജനപ്പെടുമോയെന്നും പഠിക്കാതെ ഒരു പ്രോജക്ടും നടപ്പാക്കിക്കൂടാ എന്നതിനാലാണിത്. നമ്മുടെ നാട്ടിലെ പല പദ്ധതികളും പൂർത്തിയാക്കാനാകാതെ തുരുമ്പിച്ചു കിടക്കുന്നതു കാണുമ്പോഴാണ് നമ്മുടെ നാട്ടിലും സോഷ്യോളജിസ്റ്റുകളുടെ സേവനം അനിവാര്യമാണെന്നു തിരിച്ചറിയേണ്ടത്.
(അവസാനിച്ചു)
(രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ലേഖകൻ)
Business
കോഴ്സുകൾ
കിരൺ ജെ.കെ.വി.
രുചിയളക്കാനുള്ള വൈഭവം തുറന്നുതരുന്ന തൊഴിലവസരമാണ് ടീ ടേസ്റ്റർ. നാവിന്റെ വൈഭവത്തോടൊപ്പം ഗന്ധങ്ങൾ വിലയിരുത്താനും ആഹാരനിയന്ത്രണത്തോടെ അച്ചടക്കമുള്ള ജീവിതശൈലി പാലിക്കാനും കഴിവുള്ളവർക്ക് ഈ പ്രഫഷണനിലേക്ക് കടന്നുചെല്ലാം. വിവിധയിനം ചായകളെക്കുറിച്ചും പ്രോസസിംഗ് രീതികളെക്കുറിച്ചുമെല്ലാം അറിവ് ഇക്കൂട്ടർക്കുണ്ടാകണം. തേയില നിർമാണ കന്പനികൾ, റീട്ടെയ്ലർമാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ടീ ടേസ്റ്റർമാരെ നിയമിക്കാറുണ്ട്.
എന്ത്, എങ്ങനെ?
പ്രഫഷണൽ കോഴ്സുകൾ ചെയ്താലും പ്രവൃത്തിപരിചയം നേടിയെടുത്താലും ഈ മേഖലയിലെ അറിവ് സന്പാദനം അവിടെ അവസാനിക്കുന്നില്ല. തുടർച്ചയായ പഠനവും സ്വയം പുതുക്കലും ആവശ്യമായി വരും. ഫുഡ് സയൻസ്, ബോട്ടണി, അഗ്രികൾച്ചർ എന്നീ മേഖലകളിലെ വിദ്യാഭ്യാസ പശ്ചാത്തലം പ്ലസ് പോയിന്റാണ്. പ്രത്യേക ഡിഗ്രി ആവശ്യമില്ലെങ്കിലും സ്പെഷലൈസ്ഡ് കോഴ്സുകൾ ചെയ്യുന്നത് അറിവും സ്കിൽസും വർധിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും ഉപകരിക്കുമെന്നതിൽ സംശയമില്ല. തേയിലയുടെ വലിപ്പവും ആകൃതിയും നിറവും നോക്കി ഗുണമേന്മ വിലയിരുക്കുക, മണത്തുനോക്കി വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയുക, രുചിവ്യത്യാസങ്ങൾ കണ്ടെത്തി വിലയിരുത്തുക തുടങ്ങിയ കാര്യങ്ങൾ ടീ ടേസ്റ്റർ ചെയ്യണം. ഗുണമേന്മയുടെ കാര്യത്തിൽ കൃത്യതയും സ്ഥിരതയും നിലനിർത്തുകയെന്നതും ടേസ്റ്റർമാരുടെ ചുമതലകളിൽപ്പെടും. വിവിധതരം ചായകൾ കൂട്ടിക്കലത്തി പുതിയ ബ്ലെൻഡുകൾ തയാറാക്കുന്നതും വിപണിയെ വിശകലനം ചെയ്തു മുന്നോട്ടുള്ള യാത്ര ക്രമീകരിക്കുന്നതും ഇവർ തന്നെ.
പഠനവും എക്സ്പീരിയൻസും
വോൾഡ് ടീ അക്കാദമിയിൽ ഓണ്ലൈൻ കോഴ്സുകൾ ലഭ്യമാണ്. പിജി ഡിപ്ലോമയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, സർട്ടിഫിക്കേറ്റ് കോഴ്സുകൾക്ക് NITM സിലിഗുരി, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഫ്യൂച്ചറിസ്റ്റിക്ക് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെയും ആശ്രയിക്കാവുന്നതാണ്. പഠനത്തിനു പുറമേ പ്രവൃത്തിപരിചയം നേടിയെടുക്കേണ്ടത് ഈ മേഖലയിൽ മുന്നേറാൻ അത്യാവശ്യമാണ്. ടീ പ്ലാന്റേഷനുകൾ, ടീ കന്പനികൾ എന്നിവിടങ്ങളിൽ ഇന്റേണ്ഷിപ്പ് ചെയ്യുന്നത് ഉപകരിക്കും. തേയിലകൃഷി, വിളവെടുപ്പ്, പ്രോസസിംഗ്, മാർക്കറ്റിംഗ് എന്നിവയെല്ലാം അടുത്തു നിന്നു വീക്ഷിക്കാൻ ഇന്റേണ്ഷിപ്പുകൾ സഹായകരമാകും.
CAREER DEEPIKA