വർഷങ്ങളോളം താൻ ഓടിയിരുന്നത് ഒരു മിഥ്യാബോധത്തിനു പിന്നാലെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി സാമന്ത. വ്യക്തമായ ലക്ഷ്യമോ യഥാർഥ മത്സരമോ ഇല്ലാത്ത ഒരു ഓട്ടമായിരുന്നു അത്. ഒടുവിൽ തനിക്കു വന്ന രോഗമാണ് ആ ഓട്ടത്തിന് അവസാനം കുറിപ്പിച്ചതെന്ന് ഒരഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
അന്നെനിക്ക് പ്രായം കുറവായിരുന്നു. ആ മത്സര ഓട്ടത്തിൽ പങ്കെടുക്കാൻ എനിക്ക് വലിയ വാശിയായിരുന്നു. രണ്ടാമത്തെ ഇടവേളയ്ക്കു ശേഷമാണ് അങ്ങനെയൊരു മത്സരമേ ഇല്ലെന്ന് ഞാൻ മനസിലാക്കിയത്. അവിടെയൊരു മത്സരമുണ്ടെന്നതും, ആരോടെങ്കിലും മത്സരിച്ച് ജയിക്കണമെന്നതും, ഒരു ഫിനിഷിംഗ് ലൈൻ ഉണ്ടെന്നതുമെല്ലാം വെറും മിഥ്യാബോധമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എവിടെയോ ജനിച്ച് വളർന്ന്, ഒടുവിൽ അവിചാരിതമായി സിനിമാലോകത്തിന്റെ വെളിച്ചത്തിലേക്ക് എത്തിപ്പെടുകയും അവിടെ കണ്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഒന്നുമല്ലാതിരുന്ന ഒരു പെൺകുട്ടിക്ക് ഇത്രയും വലിയ താരപദവി ലഭിച്ചതും ആളുകൾ ഇത്രയധികം സ്നേഹിച്ചതും എന്നെ അദ്ഭുതപ്പെടുത്തി.
എന്റെ സിനിമകൾക്കായി അവർ കാത്തിരുന്നു. അവർ എന്റെ പേര് വിളിച്ച് ആർത്തുവിളിച്ചു. ആ അദ്ഭുതമാണ് പിന്നീട് എന്റെ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിച്ചത്. ആ ആവേശം കാരണം ഞാൻ സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. താരപദവി എന്ന ആ ഗെയിമിനോട് എനിക്ക് അടിമത്തം തോന്നിത്തുടങ്ങിയിരുന്നു.
ആ വലിയ ആവേശത്തിൽ കരിയറിൽ ഒന്നിന് പുറകെ ഒന്നായി സിനിമകൾ വന്നുചേർന്നു. ഹിറ്റുകൾ തുടർച്ചയായി വന്നതോടെ സ്വന്തം തീരുമാനങ്ങളെ വിലയിരുത്താൻ മുതിർന്നില്ല. എനിക്ക് ഒട്ടും അഭിമാനം തോന്നാത്ത ഒരുപിടി ചിത്രങ്ങൾ ഞാൻ ആ കാലത്ത് ചെയ്തിട്ടുണ്ട്.
ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാണ് പ്രധാനമെന്നു തോന്നിപ്പിച്ചിരുന്നു. ഒരു വർഷത്തിൽ ഞാൻ തുടർച്ചയായി അഞ്ച് സിനിമകൾ ചെയ്തത് എനിക്കോർമയുണ്ട്.
അവയെല്ലാം വൻ ഹിറ്റുകളായിരുന്നു. അതോടെ ഞാൻ ലക്കി ലെഗ് (വിജയം കൊണ്ടുവരുന്നവൾ) ആണെന്ന് ആളുകൾ കരുതി. ഞാനും ആ പ്രതീക്ഷകൾക്കൊത്ത് ജീവിക്കണമെന്ന് വിശ്വസിച്ചു. അതിനപ്പുറമുള്ള ആഴത്തിലുള്ള ചോദ്യങ്ങൾ ഒന്നും മനസിൽ വന്നിരുന്നില്ല.
എനിക്ക് കഴിവുണ്ടോ, എനിക്ക് ഇനിയും മെച്ചപ്പെടാനുണ്ടോ, ഈ സിനിമയ്ക്ക് ഞാൻ എന്താണു സംഭാവന നൽകുന്നത് എന്നൊന്നും അന്ന് ചിന്തിച്ചതേയില്ല. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ ലഭിക്കുന്നതിൽ മാത്രമായിരുന്നു അന്ന് എന്റെ സംതൃപ്തി.
2012ൽ, കരിയർ തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ഉണ്ടായ ഒരു ആരോഗ്യപ്രശ്നം എന്നെ കിടപ്പിലാക്കിയിരുന്നു. തുടക്കത്തിൽ തന്നെ ഉണ്ടായ ആ അനുഭവം വലിയൊരു മുന്നറിയിപ്പായിരുന്നു. എന്നാൽ അത്തരം കഠിനമായ പാഠങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രായക്കുറവ് അനുവദിച്ചില്ല.
ആദ്യത്തെ ആ ഇടവേളയിൽ നിന്ന് ഞാൻ ഒന്നും പഠിച്ചില്ലെന്നു തോന്നുന്നു. കാരണം അതിനുശേഷവും ഞാൻ സിനിമകളുടെ തിരക്കിലേക്ക് വീണ്ടും ചാടിവീണു. വർഷത്തിൽ അഞ്ചും ആറും സിനിമകൾ ചെയ്തു. എന്റെ ജീവിതത്തിൽ ഭൂരിഭാഗം മാറ്റങ്ങളും കൊണ്ടുവന്നത് അടുത്തിടെയുണ്ടായ രണ്ടാമത്തെ ഇടവേളയാണ്. എന്നാൽ ആ രണ്ടാമത്തെ ഇടവേള തികച്ചും വ്യത്യസ്തമായിരുന്നു. 2022ൽ മയോസൈറ്റിസ് എന്ന അപൂർവമായ ഓട്ടോ ഇമ്മ്യൂൺ രോഗം ബാധിച്ചു. കരിയറിൽ ഏറ്റവും കൂടുതൽ വേഗത്തിൽ ഓടിക്കൊണ്ടിരുന്ന സമയത്താണ് എനിക്ക് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്.
അടുത്തിടെ എനിക്ക് ആ ഇടവേള എടുക്കേണ്ടി വന്നപ്പോൾ ഞാൻ കരിയറിന്റെ ഏറ്റവും വലിയ തിരക്കുകളിലായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യണമെന്നും അത് തുടർന്നുപോകണമെന്നും ഞാൻ ആഗ്രഹിച്ചു. സിനിമയിൽ നിന്ന് ഒരു വിരമിക്കലിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു. ഒരു നടിയെന്ന നിലയിൽ നിങ്ങൾ അത്രയധികം ഈഗോയുള്ളവളായി മാറും. അവിടെ ഒന്നിനും ഒരു അവസാനമില്ലെന്ന് നിങ്ങൾ കരുതും. ഒരു അവസാനമുണ്ടെന്ന് സമ്മതിക്കാൻ നിങ്ങളുടെ ഈഗോ അനുവദിക്കില്ല.
എന്നാൽ ആ രോഗാവസ്ഥ എനിക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണു നൽകിയത്. ആ ഇടവേളയ്ക്കു ശേഷമാണ് എന്റെ ആ അന്ത്യത്തെക്കുറിച്ച് എനിക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞത്. അത് പലതരത്തിൽ എന്നെ മാറ്റിമറിച്ചു. ആ ബ്രേക്ക് ചിന്തകളെ മാത്രമല്ല, ചുറ്റുമുള്ള എല്ലാ കാര്യങ്ങളെയും മാറ്റിമറിച്ചു. ആ ഇടവേളയിലുടനീളം ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഈ ബ്രേക്കിനുശേഷം ഞാൻ വീണ്ടും ഈ രംഗത്തേക്ക് വരികയാണെങ്കിൽ, പഴയ പല ശീലങ്ങളും രീതികളും എനിക്ക് മാറ്റേണ്ടി വരും എന്ന് ഞാൻ ഉറപ്പിച്ചു.
ഞാൻ ജോലിയിലേക്ക് തിരിച്ചെത്തിയ നിമിഷം തന്നെ ആ മാറ്റങ്ങളെല്ലാം നടപ്പിലാക്കി. ബ്രാൻഡുകളുടെ കാര്യത്തിലായാലും സിനിമകളുടെ കാര്യത്തിലായാലും, സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതിലായാലും 360 ഡിഗ്രിയിലുള്ള ഒരു വലിയ മാറ്റമായിരുന്നു അത്. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി തന്നെ നിശ്ചയിച്ച ഒരു ലക്ഷ്യത്തോടെയാണ് ജീവിക്കുന്നത്- സാമന്ത വ്യക്തമാക്കി.
Tags : samantha ruth career disease