തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പോലും വർഗീയതയുമായി സന്ധി ചെയ്തിട്ടില്ലെന്നും ഇനിയും അതു തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരളത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല. വിദ്വേഷപ്രചാരണത്തിന് എതിരേ ഒരു ഒത്തുതീർപ്പിനുമില്ല. മതേതര നിലപാടിൽ ഉറച്ചു നിൽക്കും.
തെരഞ്ഞെടുപ്പ് കാലത്തും ബിജെപി വർഗീയ പ്രചാരണമാണ് നടത്തിയത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. യുഡിഎഫ് വിജയത്തിൽ അവർ നിർണായക പങ്ക് വഹിച്ചു. കെ. കരുണാകരന്റെ കാലം മുതൽക്കെ ലീഗ് യുഡിഎഫിനൊപ്പമുണ്ട്.
വിദ്വേഷ കാന്പയിൻ നടത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാനാണ് ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ സ്പേസ് വർഗീയ ശക്തികൾ കൊണ്ടുപോകും. അതിനെ തടഞ്ഞു നിർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. ലീഗിനെ എതിർക്കുന്നവർ അത് മനസിലാക്കണം.
സാമുദായിക സംഘടനകൾ തനിക്കെതിരേ പറയട്ടെ. വ്യക്തിപരമായി തന്നെ ഇഷ്ടമല്ലാത്തവരുണ്ടാകും. പക്ഷേ വർഗീയത പറയരുത്. ഞങ്ങളുടേത് മതേതര കേരളമെന്ന പ്രഖ്യാപനമാണ്. അതിൽ ഒരു പോറൽ ഏൽപ്പിക്കാൻ പോലും അനുവദിക്കില്ലെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.