Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി ചർച്ച നടത്തി കോൺഗ്രസ്. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എംഎൽഎയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച. നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന് പിന്തുണ നൽകുന്നതിൽ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി.
നാട്ടികയിലെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു ജോസ് വള്ളൂരുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദൻ അറിയിച്ചെന്നും ജോസ് വള്ളൂർ വ്യക്തമാക്കി.
സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. നാട്ടികയിലെ നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സി.സി. മുകുന്ദന്റെ തീരുമാനം.
തനിക്ക് പകരം ഗീത ഗോപിയെ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ ആദ്യം മുതൽ തന്നെ മുകുന്ദൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.