National
ചണ്ഡീഗഡ്: ഗുർദാസ്പുരിൽ രണ്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കേസിലെ മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
അധിയാൻ സ്വദേശിയായ രഞ്ജിത് സിംഗ് (19) ആണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതിയായ ദിലാവർ സിംഗ് (19) ആണ് പിടിയിലായത്. മൂന്നാം പ്രതിയായ ഇന്ദർജിത് സിംഗിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
National
ചണ്ഡിഗഡ്: ചണ്ഡിഗഡ് മേയറായി ബിജെപിയിലെ സൗരഭ് ജോഷി തെരഞ്ഞെടുക്കപ്പെട്ടു.
സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളും ബിജെപി നേടി. ഇത്തവണ എഎപിയും കോൺഗ്രസും സഖ്യത്തിലല്ല മത്സരിച്ചത്.
സൗരഭ് ജോഷിക്ക് 18 വോട്ടും എഎപിയിലെ യോഗേഷ് ധിൻഗ്ര 11 വോട്ടും നേടി. കോൺഗ്രസിലെ ഗുർപ്രീത് സിംഗ് ഗാബി ഏഴു വോട്ടോടെ മൂന്നാം സ്ഥാനത്തായി.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ബ്രാറിന്റെ മാതാപിതാക്കളെ പണാപഹരണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രാറിന്റെ പിതാവ് ഷംഷേർ സിംഗ്, അമ്മ പ്രീത്പാൽ കൗർ എന്നിവരെ തിങ്കളാഴ്ച അമൃത്സറിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നലെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മുക്ത്സർ ജില്ലയിലെ ആദേശ് നഗറിലാണ് ഗോൾഡി ബ്രാറിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. മുക്ത്സർ ജില്ലയിലെ ഉദേംകരൺ ഗ്രാമക്കാരനായ സത്നാം സിംഗിന്റെ പരാതിയിൽ 2004ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന സത്നാം സിംഗിന്റെ പരാതിയിലാണ് കേസ്. പോലീസിൽ എഎസ്ഐ ആയിരുന്ന ഷംഷേർ സിംഗിനെ 2021ൽനിന്ന് സർവീസിൽനിന്നു നീക്കി. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗണ്ഡിനെതിരെ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്റെ ജയം.
ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി വിഷ്ണു വിനോദിനും സൽമാൻ നിസാറിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി.
വിഷ്ണു 43 പന്തിൽ 56 റണ്‍സും സൽമാൻ 85 പന്തിൽ 53 റണ്‍സും നേടി. ഏഥൻ ആപ്പിൾ ടോം പുറത്താകാതെ 14 റണ്‍സ് നേടി. രോഹൻ കുമ്മുമൽ 11 റണ്‍സും ബാബ അപരാജിത് 17 റണ്‍സും എം.ഡി. നിതീഷ് 12 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ 139 റണ്‍സ് മാത്രമാണ് നേടാനായത്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 277 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സാണ് ചണ്ഡിഗഡ് അടിച്ചു കൂട്ടിയത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡിന് മൂന്ന് റണ്‍സ് ലീഡ്. ആദ്യദിനമായ ഇന്ന് കേരളത്തെ 139 റണ്‍സിന് എറിഞ്ഞിട്ടശേഷമാണ് ചണ്ഡിഗഡ് ലീഡ് നേടിയത്. ഇന്ന് കളിനിർത്തുമ്പോൾ ചണ്ഡിഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് നേടി.
11 റണ്‍സ് നേടിയ നിഖിൽ താക്കൂറിന്റെ വിക്കറ്റാണ് ചണ്ഡിഗഡിന് നഷ്ടമായത്. അർജുൻ ആസാദ് 99 പന്തിൽ 78 റണ്‍സുമായും മനൻ വോറ 87 പന്തിൽ 51 റണ്‍സുമായും പോരാട്ടം തുടരുകയാണ്.
മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സച്ചിന് ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും പുറത്താകാതെ 13 റൺസെടുത്ത സൽമാൻ നിസാറിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ചണ്ഡിഗഡിനു വേണ്ടി നിശുങ്ക് ബിർള നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രോഹിത് ദണ്ഡ മൂന്നു വിക്കറ്റും പിഴുതു. ജഗ്ജിത് സിംഗ് സന്ധു രണ്ട് വിക്കറ്റും കാർത്തിക് സന്ദിൽ ഒരു വിക്കറ്റും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ഏഴുവിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടിന് 125 റൺസെന്ന നിലയിലാണ്.
മൂന്നു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. സച്ചിന് ബേബി (41), ബാബാ അപരാജിത് (49) എന്നിവർക്കു മാത്രമേ കേരള നിരയിൽ കാര്യമായ സംഭാവന നല്കാനായുള്ളൂ. 14 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിനെയും മാറ്റിനിർത്തിയാൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
അഭിഷേക് നായര്‍ (ഒന്ന്), വിഷ്ണു വിനോദ് (പൂജ്യം), മുഹമ്മദ് അസ്ഹറുദ്ദീൻ (നാല്), അങ്കിത് ശർമ (ഒന്ന്), ശ്രീഹരി എസ്. നായർ (പൂജ്യം) എന്നിവരാണ് നിരാശപ്പെടുത്തിയത്.
ചണ്ഡിഗഡിനു വേണ്ടി രോഹിത് ദണ്ഡ, നിശുങ്ക് ബിർള എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഗ്ജിത് സിംഗ് സന്ധു, കാർത്തിക് സന്ദിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ക്രിക്കറ്റില്‍ മൂന്നാം വിജയവുമായി കേരളം. ഇന്നലെ കേരളം 63 റണ്‍സിന് ചണ്ഡിഗഡിനെ തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. ചണ്ഡിഗഡിന് മറുപടി 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ അവസാനിച്ചു.
കേരളത്തിനായി ആര്യനന്ദ 118 പന്തില്‍ 22 ഫോറും രണ്ട് സിക്സും അടക്കം 138 റണ്‍സ് നേടി.
National
ന്യൂഡൽഹി: മേയർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചണ്ഡീഗഡ് നഗരസഭയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. രണ്ട് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു.
സുമൻ ദേവിയും പൂനം ദേവിയും ആണ് ബിജെപിയിൽ ചേർന്നത്. ചണ്ഡീഗഡ് ബിജെപി പ്രസിഡന്റ് ജതീന്ദർ പാൽ മൽഹോത്രയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ അംഗത്വമെടുത്തത്.
ഇതോടെ ബിജെപിക്ക് ഇതോടെ 18 അംഗങ്ങളായി. മേയർ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് ഒരു സീറ്റ് കൂടി വേണം.
National
സീനോ സാജു
ന്യൂഡൽഹി: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനവും കേന്ദ്രഭരണപ്രദേശവുമായ ചണ്ഡിഗഡിനെ രാഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലാക്കുന്ന കേന്ദ്രപദ്ധതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതിക്കു നേരിട്ട് കേന്ദ്രഭരണപ്രദേശത്തിൽ അധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 140ൽ ചണ്ഡിഗഡിനെ ഉൾപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനെതിരേ പഞ്ചാബിലെ രാഷ്ട്രീയനേതാക്കൾ പ്രതിഷേധമുയർത്തിയതോടെയാണു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചണ്ഡിഗഡിനെ അനുച്ഛേദം 240ന് കീഴിലാക്കുന്ന ഭരണഘടനാ (131-ാം ഭേദഗതി) ബിൽ കേന്ദ്രം അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ഒരു പാർലമെന്റ് ബുള്ളറ്റിൻ അറിയിച്ചിരുന്നത്.
പഞ്ചാബിന്റെയും ഹരിയാനയുടെയും അതിർത്തിയിലുള്ള ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡ് പതിറ്റാണ്ടുകളായി ഇരുകൂട്ടർക്കും തർക്കഭൂമിയാണ്. പഞ്ചാബ് ഗവർണർ ഭരണാധികാരിയായിരിക്കുന്ന കേന്ദ്രഭരണപ്രദേശത്ത് രാഷ്ട്രപതിക്കും ലഫ്. ഗവർണർക്കും അധികാരങ്ങൾ നൽകുന്ന ബിൽ കേന്ദ്രം പാർലമെന്റിൽ പാസാക്കാനൊരുങ്ങിയതോടെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) പ്രതിപക്ഷമായ കോണ്‍ഗ്രസും പഞ്ചാബിലെ ബിജെപിയും എതിർപ്പുകളുയർത്തി.
പഞ്ചാബിന്റെ തലസ്ഥാനത്തെ കേന്ദ്രസർക്കാർ തട്ടിയെടുക്കുവാൻ ശ്രമിക്കുന്നുവെന്നാണ് നീക്കത്തെ പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിംഗ് മൻ വിശേഷിപ്പിച്ചത്. പഞ്ചാബിലെ ഗ്രാമങ്ങൾ തകർത്തു നിർമിച്ച ചണ്ഡിഗഡ് പഞ്ചാബിനുമാത്രം അവകാശപ്പെട്ടതാണെന്നും ബിൽ പഞ്ചാബിന്റെ താത്പര്യങ്ങൾക്കെതിരാണെന്നും മൻ പറഞ്ഞു.
ബില്ലിനെ എഎപി, കോണ്‍ഗ്രസ്, ശിരോമണി അകാലിദൾ തുടങ്ങിയ കക്ഷികള്‍ എതിർത്തപ്പോൾ പഞ്ചാബിലെ ബിജെപിയും നിലപാടിൽ കേന്ദ്രത്തിനെതിരേ നിലകൊണ്ടു. പഞ്ചാബാണ് തനിക്ക് ആദ്യം വരുന്നതെന്നു വ്യക്തമാക്കിയ സംസ്ഥാന ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ, ചണ്ഡിഗഡ് പഞ്ചാബിന്റെ അവിഭാജ്യഘടകമാണെന്നും കേന്ദ്രസർക്കാരിനോട് ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും ഉറപ്പുനൽകി.
ബില്ലിനെതിരേ രാഷ്ട്രീയഭേദമില്ലാതെ എതിർപ്പുകൾ ഉയർന്നതോടെയാണു ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെ നിയമനിർമാണ പ്രക്രിയ എളുപ്പമാക്കുന്നതിനുള്ള നിർദേശം പരിഗണനയിൽ മാത്രമാണെന്നും അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഈ നിർദേശം ചണ്ഡിഗഡിന്റെ ഭരണനിർവഹണത്തിലോ ഭരണക്രമീകരണങ്ങളിലോ ഒരുതരത്തിലും മാറ്റം വരുത്തുന്നതല്ലെന്നും കേന്ദ്രം പ്രസ്താവനയിൽ പറയുന്നു.
വരുന്ന ശൈത്യകാലസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള ഉദ്ദേശ്യം സർക്കാരിനില്ലെന്നും വിഷയത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം അറിയിച്ചു. ചണ്ഡിഗഡിനെ ആർട്ടിക്കിൾ 240നു കീഴിലാക്കുന്നതിനെ പൂർണമായും കേന്ദ്രം പ്രസ്താവനയിൽ തള്ളിയിട്ടുമില്ല.