SUNDAY DEEPIKA
പൂർവികരായി നടത്തിവന്ന കൃഷി തന്റേതായ രീതിയിൽ ഹൈടെക് ആക്കി അതിൽ വമ്പൻ വിജയം വെട്ടിപ്പിടിച്ചിരിക്കുകയാണ് ലിജോ ലോറൻസ് (34) എന്ന ബിരുദാനന്തര ബിരുദധാരി. സോഷ്യൽ മീഡിയയുടെയും പുത്തൻ വിപണന രീതികളുടെയും ഗുണഫലങ്ങൾ ഉപയുക്തമാക്കിയതോടെ ഓർഡർ അനുസരിച്ച് തൈകൾ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലബാർ കോക്കനട്ട് അഗ്രി ഫാമിന്റെ എല്ലാമെല്ലാമായ ഈ ചെറുപ്പക്കാരൻ.
65 വർഷത്തെ പാരന്പര്യം
ഏതാണ്ട് 65 വർഷം മുൻപാണ് തൃശൂർ ജില്ലയിലെ പാവറട്ടി ഒലക്കേങ്കൽ ജോസ് തന്റെ വീടിനോടുചേർന്ന് നാടൻ തെങ്ങിൻതൈകൾ മുളപ്പിച്ച് വിൽക്കാൻ തുടങ്ങിയത്. അത് മകൻ ലോറൻസ് അല്പംകൂടി വിപുലീകരിച്ച് പിന്തുടർന്നു.
പക്ഷേ ചെറുമകൻ ലിജോയിലേക്ക് എത്തിയപ്പോൾ അത് ഹൈടെക് ആയി; ഇന്ത്യയിൽ ഉടനീളം വിപണിയുള്ള മലബാർ കോക്കനട്ട് അഗ്രി ഫാം മുന്നേറി. ഇന്ന് ചാവക്കാട് കുള്ളൻ, ഗംഗാബോണ്ടം, ഡി x ടി, ചാവക്കാട് ഓറഞ്ച്, ചാവക്കാട് യെല്ലോ, മലേഷ്യൻ ഗ്രീൻ, മലേഷ്യൻ യെല്ലോ, മലേഷ്യൻ കുള്ളൻ നാടൻ ഇനങ്ങളായ ചാവക്കാട് നാടൻ, കുറ്റ്യാടി നാടൻ എന്നിങ്ങനെ 12 ഇനം തെങ്ങിൻ തൈകളും വിവിധതരം ഫലവൃക്ഷങ്ങളുടെ തൈകളും ഇവർ വിപണനം നടത്തുന്നുണ്ട്.
തെങ്ങിൻ തൈ ഉത്പാദനം
വിവിധതരം തെങ്ങുകളുടെ ഗുണമേന്മയുള്ള വിത്തു തേങ്ങകൾ ശേഖരിച്ച് സ്വന്തം കൃഷിയിടത്തിൽ കൊണ്ടുവന്നു മുളപ്പിച്ചെടുത്ത് പാക്കറ്റിലാക്കി വിപണനം നടത്തുകയാണ് ഇവർ. ചാവക്കാട് കുള്ളൻ, ഡി x ടി, മലേഷ്യൻ ഗ്രീൻ, ഗംഗാബോണ്ടം എന്നീ ഹൈബ്രിഡ് തൈകൾക്കാണ് ആവശ്യക്കാരേറെയും. ഇതിൽ മലേഷ്യൻ ഗ്രീനും യെല്ലോയും സാധാരണ ഇളനീർ ആവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയിൽ സാധാരണയേക്കാൾ കൂടുതൽ വെള്ളമുണ്ടാകും. ഒരു മലേഷ്യൻ യെല്ലോ കരിക്കിൽ ഒരു ലിറ്ററോളം വെള്ളം കിട്ടും.
കരിക്കിന്റെ (ഇളനീർ ) വിപണി സമീപകാലത്തായി വളരെ വലുതായതോടെ ഇത്തരം തൈകളുടെ ഡിമാൻഡ് ഏറെ വർധിച്ചിട്ടുണ്ട്. പപ്പായയുടെ ആകൃതിയും പച്ചനിറവുമുള്ള ഗംഗാബോണ്ടം കുലയിൽ ഏറെ എണ്ണം വരുമെന്നതിനാൽ അതിനും ആവശ്യക്കാരേറെയാണ് .
ചാവക്കാട് കുള്ളൻ ഹൈലൈറ്റ്
ലിജോ ഉപഭോക്താക്കളോട് ഏറ്റവും കൂടുതൽ നിർദേശിക്കുന്നതു രണ്ട് ഇനങ്ങളാണ്. ഒന്ന് ചാവക്കാട് കുള്ളനും മറ്റൊന്ന് ഡി ഇൻടു ടി യും. വെളിച്ചെണ്ണ, തേങ്ങ, ഇളനീർ എന്നീ മൂന്ന് ആവശ്യങ്ങൾക്കും ഏറ്റവും ഉപകാരപ്രദമായ തെങ്ങുകളാണിവ. ആവശ്യത്തിനുള്ള വെള്ളവും എണ്ണയും ഇവ രണ്ടിൽനിന്നും ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഇതിൽത്തന്നെ ഒന്നാമൻ ചാവക്കാട് കുള്ളനാണ്.
വെസ്റ്റ് കോസ്റ്റ് ടോളും ചാവക്കാട് ഗ്രീനും തമ്മിലുള്ള സങ്കരയിനമാണ് ചാവക്കാട് കുള്ളൻ. നല്ല വെയിലുള്ളയിടത്ത് വച്ചാൽ മൂന്നു മൂന്നര വർഷം കൊണ്ട് കായ്ക്കും. അഞ്ചാറു വർഷം പ്രായമായാൽ 100 മുതൽ 200 തേങ്ങവരെ വർഷം ലഭിക്കും. ഒരു കുലയിൽ 20-25 തേങ്ങവരെ പിടിക്കും. സ്ഥലപരിമിതിയുള്ളവർക്കും നടാവുന്ന ഏറ്റവും അനുയോജ്യമായ ഇനമാണിത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കേട് വളരെ കുറവാണ്. ഗ്രീൻ ഇനങ്ങൾക്ക് കേട് കൂടുതൽ വരാനുള്ള പ്രധാന കാരണം ഇവയുടെ കൂമ്പിന്റെ മധുരമാണ്. ഇത് പ്രാണികൾക്കും കീടങ്ങൾക്കും ഏറെ ഇഷ്ടമാണ്.
നടീൽ, പരിചരണം
രണ്ട് അടി വീതിയും രണ്ട് അടി താഴ്ചയും ഉള്ള കുഴിയെടുത്ത് ഇവയുടെ തൈകൾ നടാം. നടുന്നതിന് മൂന്നുനാലു ദിവസം മുൻപ് കുമ്മായം ഇട്ടുവയ്ക്കണം. അടിവളമായി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ഒരു കിലോ വീതം ഓരോ കുഴിയിലും നൽകുക. നല്ല വെയിലുള്ളയിടത്ത് വേണം തൈകൾ നടാൻ.
തണലിൽ തൈകൾ വച്ചാൽ ഒരിക്കലും മൂന്നര നാലുവർഷംകൊണ്ട് കായ്ക്കില്ല. നാലു വശങ്ങളിൽനിന്നും വെയിൽ ലഭിക്കണം. തൈകൾ തമ്മിൽ 15 അടി അകലം മതിയെന്നതിനാൽ കൂടുതൽ തൈകൾ നടാനാകും. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്ത് ആഴ്ചയിൽ മൂന്നു നനയും അല്ലാത്തപ്പോൾ ആഴ്ചയിൽ രണ്ടു നനയും നിർബന്ധം. വർഷത്തിൽ രണ്ടുതവണ വളം ചെയ്യണം. നിലത്തുനിന്ന് രണ്ടര അടി ഉയരമാകുമ്പോൾത്തന്നെ കായ്ച്ചുതുടങ്ങും. ഓലയ്ക്ക് നീളം കുറവാണ്. 40 വർഷം ആയുസുള്ള ഇവയ്ക്ക് പരമാവധി 16 അടി ഉയരമേ വരൂ.
ഡെലിവറി സൗകര്യം
കേരളത്തിനകത്തും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഉള്ള നഴ്സറികളിലേക്ക് ഇവരുടെ തൈകൾ വിതരണം ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ തൈകൾ ചോദിച്ച് വിളിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ 50 രൂപ കൊറിയർ ചാർജ് ഏർപ്പെടുത്തി വീടുകളിലേക്കും തൈകൾ വിതരണം ചെയ്യാൻതുടങ്ങി.
""പായ്ക്കിംഗിനുതന്നെ ഇതിനേക്കാൾ കൂടുതൽ ചെലവ് വരുന്നുണ്ട്. എങ്കിലും ടൗണിലും മറ്റും അഞ്ചു സെന്റിൽ വീടുവയ്ക്കുന്നവർക്ക് പുരയിടത്തിൽ ഒരു തെങ്ങിൻതൈ വച്ച് സ്വന്തം വീട്ടാവശ്യത്തിനുള്ള തേങ്ങ ലഭിക്കണമെന്ന് ഒരു സ്വപ്നം ഉണ്ടാകുമ്പോൾ നമ്മളത് സാധിച്ചു കൊടുക്കണ്ടേയെന്ന് കരുതിയാണ് ഇത്തരമൊരു വിപണനരീതി തുടങ്ങിയത്. തേങ്ങയ്ക്ക് വില വല്ലാതെ വർധിച്ചതിനാൽ വിത്തു തേങ്ങ കിട്ടാനില്ലാതായി. അതോടെ ഡിമാൻഡ് അനുസരിച്ച് തൈകൾ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങൾ''-ലിജോ പറഞ്ഞു.
അപ്പൻ ലോറൻസും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഭാര്യ ഹരിതയും പൂർണ പിന്തുണയുമായി ലിജോയ്ക്കൊപ്പമുണ്ട്.
Editorial
വെളിച്ചണ്ണവില ചരിത്രം തിരുത്തി കുതിക്കുകയാണ്. കിലോയ്ക്ക് 450 രൂപവരെ വിലയായി. പച്ചത്തേങ്ങ കിലോയ്ക്ക് 75 രൂപ. തേങ്ങ വിറ്റ് തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ വലിയ നേട്ടമുണ്ടാക്കുകയാണ്.
പക്ഷേ, മാറിമാറി വന്ന സർക്കാരുകൾ മണ്ട വെട്ടിയ തെങ്ങുകൃഷിയിൽനിന്നു കേരളത്തിനു കാര്യമായ നേട്ടമില്ല; ഉത്പാദനം കൂപ്പുകുത്തി. സർക്കാർ നാളികേര കർഷകരെ പ്രത്യേകം ദ്രോഹിച്ചതല്ല; എല്ലാ കർഷകരെയും കൈയൊഴിഞ്ഞ കൂട്ടത്തിൽ അവരും പെട്ടു.
വിലയിടിവ്, രോഗങ്ങൾ, താറുമാറായ സംഭരണം, വന്യജീവി ആക്രമണം, കൃഷി ഉപേക്ഷിക്കൽ, എന്നിങ്ങനെ പല കാരണങ്ങളാൽ കേരളത്തിലെ നാളികേര ഉത്പാദനം കുത്തനെ കുറഞ്ഞു. നാളികേരത്തിന്റെ നാട് ഈ ഓണത്തിന് പച്ചക്കറിയും പഴങ്ങളും പലചരക്കിനുമൊപ്പം വലിയതോതിൽ തേങ്ങയും തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വാങ്ങും.
നമ്മുടെ ഓണം അവരുടെ പണപ്പെട്ടി നിറയ്ക്കും. കർഷകർക്കു പിന്തുണ കൊടുക്കുകയും അതേസമയം, സബ്സിഡി നൽകി സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും വില കുറച്ചു വെളിച്ചെണ്ണ വിൽക്കുകയും ചെയ്യേണ്ട സമയമാണിത്.
കേന്ദ്രം ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ 20 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയതോടെയാണ് വില വർധിക്കാൻ തുടങ്ങിയത്. നമുക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 57 ശതമാനവും ഇറക്കുമതിയായിരുന്നതിനാൽ മറ്റു ചെലവുകളും വർധിച്ചതോടെ പാം, സൂര്യകാന്തി, സോയാബീൻ എന്നീ എണ്ണകളുടെ വില ഉയർന്നു.
ഇതോടെ കേന്ദ്രം ഇറക്കുമതിത്തീരുവ 10 ശതമാനമായി കുറച്ചു. മേയ് 31 മുതൽ വില കുറയുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. രാജ്യാന്തര സമ്മർദമുണ്ടായാൽ ഈ തീരുവയിൽ കേന്ദ്രം കർഷകർക്കൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല. റബറിന്റെ കാര്യം ഓർത്താൽ മതി. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യം 20 വർഷത്തിനിടെ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.
ബേക്കറി പലഹാരങ്ങളുടെ ഉപയോഗമേറിയതും ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്ന സംസ്കാരം വളർന്നതും ഭക്ഷ്യ എണ്ണയുടെ ഉപയോഗം വർധിപ്പിച്ചു. ഇത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കിയെന്നതു വേറെ കാര്യം.
വെളിച്ചെണ്ണയുടെ വിലവർധന കേരളത്തിനു നേട്ടമുണ്ടാക്കാമായിരുന്ന കാര്യമാണ്. പക്ഷേ, ഒരിക്കൽ രാജ്യത്ത് നാളികേര കൃഷിയിലും ഉത്പാദനത്തിലും ഒന്നാമതായിരുന്ന കേരളം, കർണാടകത്തിനും തമിഴ്നാടിനും പിന്നിൽ മൂന്നാമതായി. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ആ രണ്ടു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ കർഷകർക്കൊപ്പം നിന്നു.
2017-18 സാമ്പത്തികവര്ഷം 845.2 കോടി തേങ്ങ ഉത്പാദിപ്പിച്ച കേരളത്തിൽ 2023-24ൽ ഉത്പാദനം 564.7 കോടിയിലേക്കു കൂപ്പുകുത്തി. അതായത്, അഞ്ചുവര്ഷംകൊണ്ട് 300 കോടി കുറഞ്ഞു. 1956ൽ രാജ്യത്തെ തെങ്ങുകൃഷി വിസ്തൃതിയുടെ 69 ശതമാനവും ഉത്പാദനത്തിന്റെ 73 ശതമാനവും കേരളത്തിലായിരുന്നു.
2020-21ലെ കണക്കനുസരിച്ച് ഇത് യഥാക്രമം 35 ശതമാനവും 33 ശതമാനവുമായി. നമ്മുടെ അഭിമാനമായിരുന്ന നെല്ലുത്പാദനത്തിലുൾപ്പെടെ ഈ കുറവ് ദൃശ്യമാണ്. കേരളത്തിന്റെ തകരുന്ന കാർഷികമേഖലയെക്കുറിച്ച് ദീപിക റിപ്പോർട്ടുകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും നിരവധി മുന്നറിയിപ്പുകൾ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്.
ജനം അറിയുന്നുണ്ട്; മാറ്റം വരുത്തേണ്ട ഭരണകൂടം അറിയുന്നുണ്ടെങ്കിലും തല പൂഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 1,12,000 കർഷകർ ജീവനൊടുക്കിയ രാജ്യമാണ് ഇന്ത്യയെന്ന് ഇന്നലെ ‘അന്നമൂട്ടുന്നവരെ ആർക്കും വേണ്ട’ എന്ന തലക്കെട്ടിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണത്. എവിടെപ്പോയി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകസ്നേഹം?
തേങ്ങയിലേക്കു തിരിച്ചുവന്നാൽ, തമിഴ്നാട് നാളികേര കർഷകർക്കു ചെയ്തുകൊടുക്കുന്നത് അറിയാൻ കൃഷിവകുപ്പു മന്ത്രിയോ ഉദ്യോഗസ്ഥരോ കന്പം, തേനി, കോയന്പത്തൂർ, നാമക്കൽ, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒന്നു പോയി നോക്കിയാൽ മതി. കേരളത്തോടു പടവെട്ടിയാണ് കന്പത്തെയും തേനിയിലെയും തരിശുനിലങ്ങളെപ്പോലും മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് അവർ ഒന്നാന്തരം തെങ്ങിൻതോപ്പുകളാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ തമിഴ്നാട്ടിലും കർണാടകത്തിലും നാളികേരോത്പാദനം വർധിച്ചത് സർക്കാരുകൾ കർഷകനു കൊടുത്ത പിന്തുണകൊണ്ടാണ്. മൂല്യവർധിത ഉത്പന്നങ്ങളെല്ലാം അവർ വിജയകരമായി നടപ്പാക്കി.
പക്ഷേ, 50,000 കോടി വിറ്റുവരവ് പ്രതീക്ഷിച്ച് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന നീരയുടെ ഇന്നത്തെ സ്ഥിതി നോക്കിയാൽ മാത്രം മതി, നമ്മുടെ കെടുകാര്യസ്ഥതയുടെ ആഴമറിയാൻ. നല്ല തുടക്കമായിരുന്നെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല.
ഉപോത്പന്നങ്ങളാകുമെന്നു കരുതിയ ശര്ക്കരപ്പാവ്, പഞ്ചസാര, തേൻ... ഒന്നുമില്ല. സർക്കാരിനെ വിശ്വസിച്ച് രംഗത്തിറങ്ങിയവർ കടക്കെണിയിലായി. അതിന്റെ പേരിൽ 12 കമ്പനികളും 260 ഫെഡറേഷനുകളും കൂടാതെ അയ്യായിരത്തിൽപരം സൊസൈറ്റികളും രൂപീകരിച്ചു. എല്ലാം കെടുകാര്യസ്ഥതയിലൊതുങ്ങി.
റബറിനും നെല്ലിനുമൊപ്പം തെങ്ങും നാടുനീങ്ങുകയാണ്. കൃഷി നഷ്ടമാണെന്ന മുന്നറിയിപ്പുകളുടെ കാലം കഴിഞ്ഞു. സർക്കാരുകളുടെ നിഷ്ക്രിയതയ്ക്കൊടുവിൽ കർഷകരിൽ വലിയൊരു പങ്ക് കാർഷികവൃത്തി ഉപേക്ഷിച്ചു. മറ്റു നിവൃത്തിയില്ലാത്തവരും കൃഷിയാണു ജീവിതമെന്നു കരുതുന്നവരുമാണ് ഇപ്പോഴും തുടരുന്നത്.
പക്ഷേ, ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു പരിഹരിക്കാവുന്നതാണ് ഇന്നത്തെ ദുരവസ്ഥ. തമിഴ്നാടും കർണാടകവും മാത്രമല്ല, ആന്ധ്രയും ഒഡീഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തെങ്ങിൽനിന്നു വരുമാനം കണ്ടെത്തി. തമിഴ്നാട് വിദേശങ്ങളിലേക്കു തേങ്ങ കയറ്റി അയയ്ക്കാനും തുടങ്ങി. താങ്ങുവില കൊടിയ നഷ്ടം ഒഴിവാക്കാനുള്ള ആശ്വാസധനമാണ്.
കർഷകർക്ക് അതിനൊപ്പം സബ്സിഡിയും മികച്ച വിപണിയും ഉറപ്പാക്കുകയാണ് കേരളം ചെയ്യേണ്ടത്. ഒപ്പം, താങ്ങാവുന്ന വിലയ്ക്ക് വെളിച്ചെണ്ണ ഉപഭോക്താവിനു ലഭ്യമാകുകയും വേണം. 450 രൂപ കൊടുത്ത് വെളിച്ചെണ്ണ വാങ്ങി കറിക്കു കടുകു പൊട്ടിക്കാൻ നിവൃത്തിയില്ലാത്ത ലക്ഷക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ട്.
കൃഷിയിടങ്ങളെ സഹായിക്കാത്തവർ അടുക്കളയെ സഹായിക്കുമോ? രണ്ടും സാധ്യമാണ്; ഇച്ഛാശക്തിയുണ്ടെങ്കിൽ.