National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.
എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്.
രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
National
ബംഗളൂരു: ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് സംഭവം.
14 വയസുകാരനായ സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിക്കുന്ന ശീലം നിർത്തണമെന്ന് വീട്ടുകാർ സമർഥിനോട് പല തവണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചു. ഇതിൽ മനംനൊന്ത കുട്ടി മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ ഹുബ്ബള്ളിയിലെ കേശ്വാപുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: മൂഴിക്കലില്‍ പതിനാറു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16 വയസുകാരി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദിനാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ, കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ ബന്ധുക്കളെല്ലാവരും മെഡിക്കൽ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് പോലീസിന് വ്യക്തത വരികയുള്ളൂ.
Kerala
തിരുവല്ല: കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൻഡിഎ ഒരിക്കൽപോലും അധികാരത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്.
കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്റെ ഭാഗമാണ്.
ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്റെ ഇടപെടലിലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം.
ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. തെരഞ്ഞെടുപ്പുകൾ വരുംപോകും. ഇതിന്റെ പേരിൽ നടത്തുന്ന അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി കാർ മാർഗമാണ് തിരുവല്ലയിലേക്ക് എത്തിയത്. റോഡിന് ഇരുവശവും നിരവധിയാളുകൾ അഭിവാദ്യം അർപ്പിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പത്ത് സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു.
Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: എറണാകുളത്ത് യുവാവ് ജ്വല്ലറിക്ക് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. എംജി റോഡിലുള്ള ആലപ്പാട്ട് ജ്വല്ലറിയുടെ മുകളില്‍ നിന്നാണ് 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് താഴേക്ക് ചാടി ജീവനൊടുക്കിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. എറണാകുളം ജോസ് ജംഗഷന് വടക്കുവശത്തുള്ള ആലപ്പാട്ട് ജ്വല്ലറിയിലേക്ക് വന്ന യുവാവ് സൈഡിലൂടെയുള്ള സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മാനസികാസ്വസ്ഥതയുള്ളയാളാണ് ഇയാള്‍ എന്നാണ് പോലീസിന്റെ നിഗമനം.
Kerala
തിരുവനന്തപുരം: സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ആലപ്പുഴ സ്വദേശി ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.
ജയിലിലെ നിർമാണ യൂണിറ്റിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.
ജയിൽ കോമ്പൗണ്ടിനകത്തുള്ള നിർമാണ യൂണിറ്റിൽ ഇന്ന് രാവിലെ 7.30-നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.
National
ഹൈദരാബാദ്: സ്കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഇന്ന് ഹൈദരാബാദിലെ ഹബ്സിഗുഡ പ്രദേശത്തെ കാര്യ സ്കൂളിലായിരുന്നു സംഭവം. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ശാസിച്ചതില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ തെലങ്കാനയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ ചന്ദ്രൂരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.