Kerala
കൊച്ചി: കള്ളാടി ദുരന്തത്തില് കരാര് കമ്പനിയെ പഴിചാരി സര്ക്കാര് റിപ്പോര്ട്ട്. മരണനിരക്ക് കുറച്ചത് സര്ക്കാറിന്റെ സംയോചിതമായ ഇടപെടലുകള് കൊണ്ട് മാത്രമാണെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില് നല്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്ദേശം നല്കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ് നാലിനും നിര്ദേശം നല്കി. അവശിഷ്ടങ്ങള് ജനങ്ങള്ക്ക് ഭീഷണിയാകരുത് എന്ന് കരാര് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില് തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്ദേശിച്ചിരുന്നു.
കരാര് കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നു. ദുരന്തത്തില് അന്വേഷണം ആരംഭിച്ചതായും സര്ക്കാര് കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ് അഞ്ചിന് തുരങ്കപാത നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന് കരാറുകാരുടെ യോഗം ആവര്ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില് രണ്ടു സ്വതന്ത്ര അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള് നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്മാണ പാതയുടെ നിര്മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന് കരാറുകാരന് നിര്ദേശം നല്കിയെന്നും കൊങ്കണ് റെയില്വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്ക്കാണ് നിര്ദേശം നല്കിയതെന്നും റിപ്പോര്ട്ടില് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില് കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില് കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള് സ്വദേശിയുടെതാണ്.
Kerala
കോഴിക്കോട്: മേപ്പാടി - കള്ളാടി - ആനക്കാംപൊയില് തുരങ്കപാത നിര്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്മാണച്ചുമതലയുള്ള ദിലീപ് ബില്ഡ്കോണ് ലിമിറ്റഡ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ചിനും നല്കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് അതിശക്തമായ മഴ പെയ്യാന് സാധ്യതയുണ്ടെന്ന് ഇന്ത്യന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കിയിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള് പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില് വയനാട്ടില് ഏകദേശം 265 മില്ലിമീറ്റര് മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള് കാലവര്ഷക്കെടുതികള്ക്കും ഉരുള്പൊട്ടലുകള്ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എല്ലാവിധ എന്ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല് സുപ്രീംകോടതി നിയോഗിച്ച സെന്ട്രല് എംപവേര്ഡ് കമ്മിറ്റി ഉള്പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ-മേല്നോട്ട സംവിധാനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. തുരങ്കം തുരക്കുമ്പോള് പുറന്തള്ളുന്ന മണ്ണും പാറയും ഉള്പ്പെടെയുള്ള അവശിഷ്ടങ്ങള് അംഗീകൃത മാനദണ്ഡങ്ങള് പ്രകാരം മാത്രമാണ് കൈകാര്യം ചെയ്യുന്നത്.
കര്ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള് പാലിക്കുന്നതിനാല് നിര്മാണത്തില് സാങ്കേതികപരമായ പിഴവുകള് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങളോടു കമ്പനി പൂര്ണമായി സഹകരിക്കുമെന്നും കമ്പനി പ്രതിനിധി അഭിഷേക് ശ്രീവാസ്തവ അറിയിച്ചു.
Business
തൊടുപുഴ: റംബുട്ടാന് കര്ഷകര്ക്ക് ന്യായ വില ഉറപ്പു വരുത്താന് സര്ക്കാര് ഹോര്ട്ടികോര്പ്പ് വഴി റംബുട്ടാന് സംഭരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകിയെന്ന് ഫ്രൂട്ട്സ് വാലി ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി ഭാരവാഹികൾ അറിയിച്ചു.
റംബുട്ടാന് വിലയിടിവ് പരിഹരിക്കാന് 160 രൂപയ്ക്ക് സര്ക്കാര് റംബുട്ടാന് സംഭരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി ചെയര്മാന് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തില് നിവേദനം നല്കിയിരു്നനു. കേരളത്തില് ഫ്രൂട്ട്സ് കൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് സര്ക്കാരിന്റെ നയമാണെന്നും കാലാവസ്ഥ അനുയോജ്യമായ പ്രദേശങ്ങളില് ഫ്രൂട്ട്സ് ക്യഷിക്ക് പ്രത്യേക പ്രോത്സാഹനം നല്കുമെന്നും മന്ത്രി പറഞ്ഞതായി ബിജു പറയന്നിലം അറിയിച്ചു.
റംബുട്ടാന് സംഭരിക്കാനുള്ള സര്ക്കാര് തീരുമാനത്തിനു ഗവ. ചീഫ് വിപ്പ് അപു ജോണ് ജോസഫ്, എംഎല് എ മാരായ റോയി കെ. പൗലോസ്, ഡോ. മാത്യു കുഴല്നാടന് തുടങ്ങിയ ജനപ്രതിനിധികള് ക്രിയാത്മകമായ ഇടപെടലും നടത്തി. അവക്കാഡോ, റംബുട്ടാന്, ദുരിയാന്, മംങ്കോസ്റ്റിന്, പാഷന് ഫ്രൂട്ട് തുടങ്ങിയ എക്സോട്ടിക് ഫ്രൂട്ട്സ് കൃഷികളുടെ സാധ്യത സംബന്ധിച്ച് നിവേദക സംഘത്തിലെ ഫ്രൂട്ട്സ് വാലി ഡയറക്ടര്മാരായ ജോസി കൊച്ചുകുടി, സജി നാരായണന്, മാനേജര് ബിനു മണ്ണൂര് തുടങ്ങിയവര് മന്ത്രിയുമായി ചര്ച്ച നടത്തി.
Kerala
കൊച്ചി: കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന 'കളർ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്ക് തീപിടിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്സിന്റെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവർ നടത്തിയ അതിവേഗ നീക്കത്തിലാണ് തീ നിയന്ത്രിക്കാനായത്. പെയിന്റും അനുബന്ധ രാസവസ്തുക്കളും ഉള്ളതിനാൽ തീ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.
സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. നാശനഷ്ടം സംബന്ധിച്ച കണക്കുകളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം അപകടത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.
Business
മുംബൈ: മാർച്ച് പാദത്തിൽ ഇന്ത്യൻ ധനകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കന്പനിയായി പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി). മാർച്ച് പാദത്തിൽ 23,400 കോടി രൂപയിലധികമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ അറ്റാദായം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കിടയിൽ പോലും 2026 സാന്പത്തികവർഷത്തിന്റെ നാലാം പാദത്തിലെ ലാഭത്തിന്റെ കാര്യത്തിൽ എൽഐസി ഒന്നാം സ്ഥാനം നിലനിർത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 19,013 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ, മാർച്ച് പാദത്തിൽ എൽഐസിയുടെ വരുമാനം 23 ശതമാനം വർധിച്ച് റിക്കാർഡ് നേട്ടമായ 23,420 കോടി രൂപയിലെത്തിയതായി കന്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.
സ്റ്റോക് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച സാന്പത്തിക കണക്കുകൾ പ്രകാരം, നാലാം പാദത്തിലെ ലാഭക്കണക്കിൽ എൽഐസിക്കു പിന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കുമാണുള്ളത്. ഇക്കാലളയവിൽ ഇവ യഥാക്രമം 19,684 കോടി രൂപയും 19,221 കോടി രൂപയും ലാഭം നേടി.
വാർഷിക ലാഭത്തിന്റെ കാര്യത്തിൽ എൽഐസിയേക്കാൾ ബഹുദൂരം മുന്നിലാണ് എസ്ബിഐ. 2026 സാന്പത്തികവർഷത്തിൽ എൽഐസി 57,419 കോടി രൂപയുടെ ലാഭം നേടിയപ്പോൾ എസ്ബിഐ 80,032 കോടി രൂപയുടെ ലാഭം നേടി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വാർഷിക ലാഭം 74,670 കോടി രൂപയും ഐസിഐസിഐ ബാങ്കിന്റേത് 50147 കോടി രൂപയുമാണ്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ നാലാംപാദത്തിൽ 11,378 കോടി രൂപയുടെ അറ്റാദായത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ 10,839 കോടി രൂപയും പവർ ഫിനാൻസ് കോർപറേഷൻ 8598 കോടി രൂപയും എൻടിപിസി 8747 കോടി രൂപയും ലാഭം നേടി.
മൊത്തം കോർപറേറ്റ് മേഖല എടുത്താൽ ജനുവരി-മാർച്ച് പാദത്തിൽ 51,970 കോടി രൂപയുടെ റിക്കാർഡ് ലാഭവുമായി വോഡഫോണ് ഐഡിയ ഏറ്റവും കൂടുതൽ ത്രൈമാസ ലാഭം നേടുന്ന കന്പനിയായി. പ്രധാനമായും നിയമപരമായ ബാധ്യതകളിൽ ഇളവ് ലഭിച്ചതുമൂലം ഏതാണ്ട് ആറു വർഷത്തിനിടയിൽ കന്പനി നേടുന്ന ആദ്യത്തെ ലാഭമാണിത്.
Kerala
പെരുമ്പാവൂർ: തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖിനെ (39) ആണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 2ന് ആയിരുന്നു മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയിണ കമ്പനി തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
പ്രതിയുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിച്ചതിൻ്റെ വിരോധത്താലാണ് തീവച്ചതെന്ന് എന്നാണ് പോലീസിന് നൽകിയ മൊഴി. ബൈക്ക് കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പ്രതി പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ്.എൽ അർജുൻ, അബ്ദുൾ ജലീൽ , എഎസ്ഐമാരായ രതീശൻ, സുബൈർ എം.ബി., സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്.
National
ന്യൂഡൽഹി: കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂടി പൊതുമേഖലാ എണ്ണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയാണ് വർിധിപ്പിച്ചത്. ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്. അപൂർവമായിട്ടാണ് ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത്.
ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. 3085 രൂപയാണ് ഇന്ന് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് ഗുരുതര ആഘാതമാണ് ഈ വിലക്കയറ്റം. പ്രവർത്തനച്ചെലവ് കുത്തനെ കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും. വിലകൂട്ടുന്നത് ഉപഭോക്താക്കളെ അകറ്റാനും സാധ്യതയേറെയാണ്.
ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 28 - 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും വർധിപ്പിച്ചിരുന്നു.
ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില നിലവിൽ കൂട്ടിയിട്ടില്ല. ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ എന്നിവയുടെ വില തെരഞ്ഞെടുപ്പിന് പിന്നാലെ എണ്ണക്കമ്പനികൾ കൂട്ടുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന പ്രചാരണങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം തള്ളിയിരുന്നു.
Kerala
മലപ്പുറം: മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്.
ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിന്റെ ഓല കത്തിയാണ് തീപിടിത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു.
തീ ഉടൻ അണയ്ക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.
International
ഷാർജ: ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുന്നു. തിങ്കളാഴ്ച യുഎഇയിലെ ഷാർജയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.
Kerala
കൊച്ചി: എടയാര് വ്യവസായ മേഖലയില് ഉണ്ടായ തീപിടിത്തത്തില് സി ജി ലൂബ്രിക്കന്റ്സ് കമ്പനിയുടെ ലൈസന്സ് റദ്ദാക്കി. കമ്പനി അടച്ചു പൂട്ടാന് ഫാക്ടറീസ് ആന്ഡ് ബോയിലേഴ്സ് ഡിപ്പാര്ട്ട്മെന്റ് നിര്ദേശം നല്കി. ഗുരുതര സുരക്ഷാവീഴ്ചയാണ് ഒരു തൊഴിലാളി മരിക്കാനിടയായ തീപിടിത്തത്തിന് കാരണമായത്.
കമ്പനിയില് വര്ഷം തോറും നടത്തേണ്ട കോയില് ടെസ്റ്റിംഗ് നടത്തിയിട്ടില്ല. ഡിസംബറില് നടത്തേണ്ടിയിരുന്ന കോയില് ടെസ്റ്റിംഗ് നടത്തിയിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില് വ്യക്തമായി. 17 വര്ഷം പഴക്കമുള്ള ബോയിലറില് നിന്നാണ് തീപിടിത്തം ഉണ്ടായത്.
ഇത് വര്ഷം തോറും പരിശോധന നടത്തുകയും ലീക്കേജ് ഇല്ലെന്ന റിപ്പോര്ട്ട് നല്കുകയും ചെയ്യേണ്ടതാണ്. എന്നാല് ഈ പരിശോധന നടത്തിയിട്ടില്ല. ബോയിലറില് നിന്നുള്ള ലീക്കേജില് നിന്നാണ് തീപിടിച്ചത്. കമ്പനിയിലെ മറ്റ് പല ഉപകരണങ്ങളുടെയും സുരക്ഷ പരിശോധന നടത്തുകയോ അതിന്റെ സര്ട്ടിഫിക്കറ്റ് സമര്പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയില് കണ്ടെത്തി.
അതേസമയം, തീപിടിത്തത്തില് മരിച്ച ബിഹാര് സ്വദേശി ശത്രു മുഖ്യയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനായിരുന്നു കളക്ടറുടെ നേതൃത്വത്തില് നടന്ന അവലോകന യോഗത്തില് തീരുമാനമായത്. എന്നാല് മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.
30 ലക്ഷം നഷ്ടപരിഹാരം നല്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അസിസ്റ്റന്റ് കളക്ടര് പാര്വതി ഗോപകുമാര്, ഡിവൈഎസ്പി ബാബുക്കുട്ടന് എന്നിവരുടെ നേതൃത്വത്തില് മൂന്നു മണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാമനെന്ന് ധാരണയായത്. ഇതോടെ രാത്രി 11.30ന് ഉപരോധം അവസാനിപ്പിച്ച് എടയാര് ശാന്തിതീരം പൊതുശ്മശാനത്തില് മൃതദേഹം സംസ്കരിച്ചു.
National
തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.
അമ്മയ്ക്കൊപ്പം
ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.
പത്തോളം കൂറ്റൻ അപ്പാർട്ട്മെന്റുകൾ
ദൈവത്തിന്റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.
ചേലക്കോട്ടുകരയിൽ കോൺഫിഡന്റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്റ് എലൈറ്റ്, കോൺഫിഡന്റ് ഒറിയോൺ, കോൺഫിഡന്റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്റ് ഗൂപ്പിന്റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്റുകളാണു വില്പനയ്ക്കുള്ളത്.
ഏഴു പേർ ചേർന്നു തുടക്കം
2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്, വിദ്യാഭ്യാസം, ഗോള്ഫിംഗ്, റീട്ടെയില്, ഇന്റര്നാഷണല് ട്രേഡിംഗ് (ബില്ഡിംഗ് മെറ്റീരിയല്സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.
കൂടുതൽ കൊച്ചിയിൽ
കേരളത്തിൽ സി.ജെ. റോയ്യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.
District News
മലപ്പുറം: ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവയ്ക്കാനാകില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കന്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നതാണ്.
2024 സെപതംബർ 18ന് പരാതിക്കാരന്റെ മകന് ശ്വാസതടസം അനുഭവപ്പെട്ടതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർന്ന് 2024 സെപ്റ്റംബർ 19ന് ഡിസ്ചാർജായി. ചികിത്സയിലേക്ക് മുൻകൂറായി 11,000 രൂപ ഇൻഷ്വറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ് ബിൽ 66,500 രൂപയ്ക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷ്വറൻസ് തുക അനുവദിച്ചത്.
കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് കന്പനി അറിയിച്ചു. ഇതോടെ ബന്ധുക്കളിൽനിന്ന് പണം കടം വാങ്ങി ബില്ല് പൂർണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടുപോകാൻ ഹരജിക്കാരനും മകനും കഴിഞ്ഞത്.
പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷ്വറൻസ് കന്പനി അനുവദിച്ചു. തുടർന്നാണ് ഹർജിക്കാരൻ മുഴുവൻ ചികിത്സാച്ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നതിൽ ആശുപത്രിയുടെയും ഇൻഷ്വറൻസ് കന്പനിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനിൽ പരാതിപ്പെട്ടത്.
ആശുപത്രി രേഖകളിൽ അഡ്മിഷന്റെയും ഡിസ്ചാർജിന്റെയും തിയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ വിധിച്ചു. രോഗിയെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷൻ വിധിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാർജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇൻഷ്വറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിട വന്നതിൽ ഇൻഷ്വറൻസ് കന്പനിയുടെയും ആശുപത്രിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് മുഴുവൻ ചികിത്സാച്ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും കമ്മീഷൻ അനുവദിച്ചത്.
നാൽപത്തഞ്ച് ദിവസത്തിനകം വിധി നടപ്പാക്കാത്തപക്ഷം വിധി സംഖ്യക്ക് ഒന്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്.