Kerala
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബിജെപി വാഴോട്ടുകോണം കൗണ്സിലർ സുഗതനെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സുഗതനെ വീട് വളഞ്ഞ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. സുഗതന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി പ്രവർത്തകരും സുഗതന്റെ ബന്ധുക്കളും ചേർന്ന് പ്രതിരോധം തീർത്തു. ഇതേ തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒ. വിപിൻ ആകാശത്തേക്ക് വെടിയുതിർത്തു.
വീടിന്റെ പിറക് വശത്ത് നിന്നാണ് കൗണ്സിലറെ പിടികൂടിയത്. വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറെ നേരം ബന്ധുക്കളും പാർട്ടിപ്രവർത്തകരും ചേർന്ന് പോലീസുമായി വാക്കേറ്റം നടന്നിരുന്നു.
സുഗതനെ രാത്രിയിൽ കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിലാണ് സുഗതനെ പാർപ്പിച്ചിരിക്കുന്നത്. സുഗതന്റെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതിനാൽ പോലീസ് കാപ്പ വകുപ്പ് ചുമത്തിയിട്ടുണ്ട്.
പോലീസിനെ ആക്രമിച്ചെന്ന് കാട്ടി സുഗതനെതിരെ പുതിയ ഒരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം പോലീസ് പ്രകോപനമില്ലാതെ തന്നെയും മകനെയും മർദ്ദിച്ചുവെന്നും മാല പൊട്ടിച്ചുവെന്നും സുഗതന്റെ ഭാര്യ ആരോപിച്ചു.
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം വീട്ടിനകത്ത് കടന്നതെന്നും തന്നെയും മകനെയും മർദ്ദിച്ചെന്ന് ഭാര്യ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ, എസ്ഐ. അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റെന്നും ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും സിറ്റി പോലീസ് കമ്മീഷ്ണർ പറഞ്ഞു.
Kerala
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പാലക്കാടിന് അപമാനം എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കഴിഞ്ഞ ദിവസം പ്രശോഭിന്റെ ജാമ്യാപേക്ഷ പരിഗണിച്ച മണ്ണാർക്കാട് എസ്സി/എസ്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
Kerala
പാലക്കാട്: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയായ പ്രശോഭ് ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് ജനപ്രതിനിധിക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Kerala
കൊച്ചി/ലണ്ടൻ: യുകെയിലെ മൂന്നാമത്തെ ഏറ്റവും വലിയ കൗണ്ടിയായ ഹാംഷയർ കൗണ്ടി കൗൺസിലിലേക്ക് മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു.
ആകെയുള്ള 78 സീറ്റുകളിൽനിന്നു വിജയിച്ച ഏക ലേബർ പാർട്ടി കൗൺസിലറാണ് സജീഷ്. ബേസിംഗ്സ്റ്റോക്ക് നോർത്ത് ഡിവിഷനിൽനിന്നാണ് പത്തു ശതമാനത്തോളം വോട്ട് വ്യത്യാസത്തിൽ സജീഷ് ടോം വിജയിച്ചത്.
തെക്കൻപറവൂർ സ്വദേശിയായ സജീഷ് ടോം വൈക്കം ചെന്പ് അയ്യനംപറന്പിൽ കുടുംബാംഗമാണ്.
ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി നഴ്സാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന അലീനയാണു മകൾ.
Kerala
ആലപ്പുഴ: ചേർത്തല നഗരസഭാ സ്ഥിര സമിതി അധ്യക്ഷയും 31-ാം വാർഡു കൗൺസിലറുമായ അധീന രാജുവിന് (23) നേരെയുണ്ടായ ആക്രമണത്തിൽ പ്രതി റിമാൻഡിൽ. ചേർത്തല മായിത്തറ വെളിയിൽ വീട്ടിൽ ലോറൻസിനെയാണ് (നേമം ലോറൻസ് -61) ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കാറിനു കടന്നുപോകാൻ വഴി നൽകിയില്ലെന്ന കാരണമുയർത്തിയായിരുന്നു മനുഷ്യാവകാശ സംഘടനയുടെ ബോർഡു വച്ച കാറിലെത്തി ആക്രമണം നടത്തിയത്.
കാറിൽ മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അനധികൃതമായി ഉപയോഗിച്ചതായി പരാതിയിൽ വാഹന വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിവിട്ടേറ്റ കൗൺസിലറെ ജനപ്രതിനിധികൾ ചേർന്നാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ കൗൺസിലറുടെ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രജനി ഗാർഗിന്റെ ഭർത്താവ് സുരേന്ദർ ഗാർഗിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രിൻസ്, മോഹിത്, സാഗർ, വികാസ് എന്നിവരെ പോലീസ് പിടികൂടി.
വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ശുചീകരണ സൂപ്പർവൈസറായ മോഹിതിനോട് സുരേന്ദർ പറയുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു. കോപാകുലനായ മോഹിത് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം പത്തോളം പേരുമായി തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നു. തോക്കും കത്തികളുമായാണ് ആക്രമികൾ എത്തിയത്.
ആക്രമത്തിനിടെ ഗ്ലാസ് പൊട്ടി സുരേന്ദറിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
National
പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിഡീപ്പിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകനെതിരെ മൊഴി നൽകി മൂന്ന് പേർ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ, പോലീസ് സ്വമേധയ കേസെടുക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നിര്ത്തിയത് കൗണ്സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശാസ്തമംഗലം കൗണ്സിലര് ആര്.ശ്രീലേഖ. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്ഥികള്ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും പറഞ്ഞു
"പത്തു സ്ഥാനാര്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്സിലറാകേണ്ട സാഹചര്യത്തിൽ പാര്ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്പ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്ച്ചകള്ക്കും താനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള് മാറി.'-ശ്രീലേഖ പറഞ്ഞു.
"രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാണെന്നാണ് തന്റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്ക്കമില്ല. അത് അംഗീകരിക്കുന്നു.'-ശ്രീലേഖ വ്യക്തമാക്കി.
തീരുമാനത്തെ എതിര്ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര് ഇവിടെയുണ്ട്. കൗണ്സിലറായി അഞ്ചുവര്ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആര്. ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎല്എയുമായുള്ള തര്ക്കത്തിനിടെ ഓഫീസ് തുറന്ന് ആര്.ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.
ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി ഓഫീസിന്റെ പ്രവര്ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്ക്വയര് ഫീറ്റ് മാത്രമുള്ള ചെറിയ മുറിയാണെന്നും കെട്ടിടത്തിന് ചുറ്റും ടണ് കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റിൽ വിമര്ശിക്കുന്നുണ്ട്.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
വിഷയം വിവാദമായതോടെ താൻ കൗൺസിൽ ഓഫീസിൽ തന്നെ തുടരമെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. പിന്നാലെയാണ് വിഷയം വീണ്ടും ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Kerala
തൃശൂർ: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരെയായിരിക്കുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി പറഞ്ഞു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ലെന്നും പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. പാർട്ടി നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡൻന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല. കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
പണം നൽകി എന്നത് പലരും രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. പണം നൽകിയതിനാൽ മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാലി പറഞ്ഞു.
പക്ഷേ തൻറെ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനായില്ല. പാർട്ടി ഫണ്ട് നിജി ജസ്റ്റിൻ നൽകിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നത് പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവർത്തിച്ചു.
അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സൺ ആക്കണമെന്ന് ജനസഭയിൽ ഭൂരിപക്ഷാഭിപ്രായം. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം അറിയിച്ചു.
പൊതുജനങ്ങളിൽ നിന്നും അഭിപ്രായം എഴുതി വാങ്ങുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ.
ജനസഭയിൽ വച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും.
എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളിക്കകണ്ടം യോഗത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന് ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.