മേലാറ്റൂർ: സൈബർ സാന്പത്തിക കുറ്റകൃത്യങ്ങൾക്കെതിരേ തുടരുന്ന ഓപറേഷൻ സൈ-ഹണ്ടിൽ മേലാറ്റൂരിൽ യുവാവ് പിടിയിൽ. പുളിയക്കോട് പാതിരിക്കോട് സ്വദേശിയായ എ.കെ. മുഹമ്മദ് അൽത്താഫിനെയാണ് (20) മേലാറ്റൂർ പോലീസ് പിടികൂടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഐഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കണ്ടെത്താൻ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കനറാ ബാങ്കിലെ ഒരു അക്കൗണ്ട് മുഹമ്മദ് അൽത്താഫിന്റെ പേരിലാണെന്ന് കണ്ടെത്തി. തുടർന്ന് കോടതി അനുമതി നേടി മേലാറ്റൂർ പോലീസ് പ്രതിയുടെ എടപ്പറ്റയിലെ വീട്ടിലെത്തി പരിശോധന നടത്തി. ചോദ്യം ചെയ്യലിൽ 2025 ഒക്ടോബർ മൂന്നിന് ബാങ്ക് അക്കൗണ്ട് മുഖേന 7.50 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഇതിൽ 3.42 ലക്ഷം രൂപ ഗൂഗിൾ പേ വഴിയും 4.08 ലക്ഷം രൂപ കനറാ ബാങ്ക് മൊബൈൽ ആപ്പ് വഴിയും ലഭിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.
കരുവാരകുണ്ട് തുവൂർ പ്രദേശത്തെ ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട പേരറിയാത്ത വ്യക്തിയുടെ ആവശ്യപ്രകാരം ഈ തുക കൈമാറിയതായും അതിന് 7,500 രൂപ കമീഷൻ ലഭിച്ചതായും പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. മേലാറ്റൂർ എസ്ഐ കെ. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.