National
കോൽക്കത്ത: അർജന്റീന ഫുട്ബാൾ ടീമിന്റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്റെ വിവാദ പരാമർശം. അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹയുടെ പ്രസ്താവനകൾ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.
International
വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് ചാനലായ ബിബിസിക്കെതിരേ 10 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
2021 ജനുവരി ആറിന് ട്രംപിന്റെ പ്രസംഗത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ ഒരുമിച്ചു ചേർത്ത് ബിബിസി തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്നാണ് ആരോപണം.
പ്രസംഗത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത്, യുഎസ് ക്യാപ്പിറ്റോൾ ആക്രമിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതായി ചാനൽ വരുത്തിത്തീർത്തുവെന്ന് മയാമിയിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്ണം കട്ടവനെന്ന് വിളിക്കരുത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിൽ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് അഭ്യര്ഥനയുമായി മുൻ ദേവസ്വം മന്ത്രി രംഗത്തെത്തിയത്.
സ്വർണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമർശം ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വാദം പരിഗണനയിൽ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു.
തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നൽകാമെന്ന് സതീശന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മറുപടി നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. എന്നാൽ സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു.
Kerala
ആലുവ: രാഹുൽ മാങ്കൂട്ടത്തില് എംഎൽഎ ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന പേരിൽ എറണാകുളം റൂറൽ ജില്ലയിൽ രണ്ടു പേർക്കെതിരേ സൈബർ പോലീസ് സ്വമേധയാ കേസെടുത്തു.
രാജു വിജയകുമാർ, പി.എ. റസാഖ് കീഴില്ലം എന്നീ പേരുകളിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അതിജീവിതയ്ക്കെതിരേ മോശം പരാമർശമുണ്ടായത്.ഇത് വ്യാജ ഐഡിയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.