National
ന്യൂഡൽഹി: 2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം യുഎസ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചുവിട്ട രാജ്യം. വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ വച്ച കണക്കുകളാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
2025-ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇതിൽ, 12 മാസത്തിനുള്ളിൽ സൗദി അറേബ്യയിൽ നിന്നു മാത്രം തിരിച്ചയച്ചവർ 11,000ലേറെ. യുഎസ് 3,800ഓളം ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് റിപ്പോർട്ട് പറയുന്നു.
വിസ കാലാവധി കഴിഞ്ഞതിന്റെ പേരിലോ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിനോ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചയയ്ക്കൽ.
മ്യാൻമർ (1591), യുഎഇ (1469), ബഹറിൻ (764), മലേഷ്യ (1485), തായ് ലൻഡ് (481), കംബോഡിയ (305) എന്നിങ്ങനെയാണ് തിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
സൗദി അറേബ്യയിലെയും യുഎഇ, ബഹ്റിൻ, മലേഷ്യ, തായ്ലൻഡ് തുടങ്ങി മറ്റിടങ്ങളിലെയും ഇന്ത്യക്കാർ പലപ്പോഴും വീസ കാലാവധിക്കു ശേഷവും അവിടങ്ങളിൽ തുടരുന്ന സ്ഥിതിയുണ്ട്.
യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ചിട്ടുണ്ട്. യുകെയാണ് (170 പേർ) ഏറ്റവും കൂടുതൽ വിദ്യാർഥികളെ തിരിച്ചുവിട്ടത്. ഓസ്ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങളാണ് പിന്നിൽ.
National
ശ്രീനഗർ: വീസ നിബന്ധനകൾ ലംഘിച്ച് ലഡാക്കിലും ജമ്മു കാഷ്മീരിലും പ്രവേശിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ചൈനീസ് പൗരൻ ഹു കോങ്ടായിയെ ഹോങ്കോംഗിലേക്ക് നാടുകടത്തി.
ടൂറിസ്റ്റ് വീസയിലാണ് ഹു ഡൽഹിയിലെത്തിയത്. വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സർനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയും ലഭിച്ചിരുന്നു.
എന്നാൽ, നവംബർ 20ന് ലേയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തുകയും അവിടുത്തെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ കയറുകയും ചെയ്തു.
NRI
ന്യൂഡൽഹി: ഒമ്പതുമാസത്തിനിടെ യുഎസിൽ നിന്ന് 2,417 ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. അനധികൃത കുടിയേറ്റത്തിനെതിരേയാണു രാജ്യമെന്നും നിയമപരമായി മറ്റു രാജ്യങ്ങളിലേക്കു കടക്കാനുള്ള രീതിയെ ആണു പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രഞ്ജിത് ജയ്സ്വാൾ അറിയിച്ചു.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം 27 ഇന്ത്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ ഏതാനും പേർകൂടി ഉൾപ്പെട്ടതായി അവരുടെ കുടുംബാംഗങ്ങളിൽനിന്നാണ് അറിഞ്ഞത്. റഷ്യൻ സർക്കാരുമായും ഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുകയാണ് -മന്ത്രാലയം വക്താവ് അറിയിച്ചു.
സ്റ്റുഡന്റ് വീസയിലും സന്ദർശകവീസയിലും കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെത്തിയ 15 പേർ യുദ്ധമുന്നണിയിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണു വിശദീകരണം. നിർമാണജോലിക്കായാണ് ഒരു എജന്റ് ഇവരെ റഷ്യയിലേക്കു കൊണ്ടുപോയത്.