ഏറ്റുമാനൂർ: നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. മണ്ഡല - മകരവിളക്ക് കാലം അടുത്തെത്തിയിരിക്കെ ഏറ്റുമാനൂരിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
സെൻട്രൽ ജംഗ്ഷനിലും പട്ടിത്താനം-മണർകാട് ബൈപാസ് കടന്നുപോകുന്ന പാറകണ്ടം ജംഗ്ഷനിലുമാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ഏറ്റുമാനൂരിലെ രൂക്ഷമായി ഗതാഗതക്കുരുക്ക് പരിഗണിച്ച് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണ്.
പട്ടിത്താനം-മണർകാട് ബൈപാസ് റോഡിന്റെ അവസാന റീച്ച് പണി പൂർത്തിയാക്കിയപ്പോഴാണ് പാലാ റോഡിലെ തിരക്കേറിയ പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഇത് പ്രവർത്തിച്ചത് ചുരുങ്ങിയ നാളുകൾ മാത്രമാണ്. ഇപ്പോൾ നാലു മാസത്തോളമായി പ്രവർത്തനരഹിതമാണ്.
ഏറ്റുമാനൂർ-പാലാ റോഡിലും പട്ടിത്താനം-മണർകാട് ബൈപാസ് റോഡിലും ഏറെ വാഹനത്തിരക്കുണ്ട്. ഇരു റോഡുകളും കുറുകെ കടക്കുന്ന പാറകണ്ടം ജംഗ്ഷനിൽ ഏതു സമയവും വാഹനത്തിരക്കാണ്. ഇവിടെ സിഗ്നൽ ലൈറ്റിന്റെ അഭാവത്തിൽ അപകടസാധ്യത ഏറെയാണ്.
മണ്ഡല-മകരവിളക്ക് കാലമാകുന്നതോടെ ഇരു റോഡുകളിലും പതിന്മടങ്ങ് വാഹനങ്ങളെത്തും. സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നില്ലെങ്കിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകും. അപകട സാധ്യതയും വർധിക്കും. ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാൻ അടിയന്തരമായി അധികൃതർ ഇടപെടണം.
മണ്ഡല കാലമായിട്ടും ബൈപാസ് റോഡിൽ പാറകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് പ്രതിഷേധാർഹമാണ്. ജനപ്രതിനിധികളോടും വകുപ്പ് അധികൃതരോടും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. അലംഭാവം തുടർന്നാൽ ശക്തമായ സമരമുണ്ടാകും.
- എം.കെ. സുഗതൻ
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതി അംഗം