ഏറ്റുമാനൂർ: അശാസ്ത്രീയമായി നിർമിച്ച ഹമ്പുകളും കുഴികളും ഓൾഡ് എംസി റോഡിലെ യാത്ര ദുഷ്കരമാക്കുന്നു. എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ വാഹനയാത്രക്കാർ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. കാരിത്താസ് ആശുപത്രിക്കു സമീപം മുതൽ തെള്ളകം സെന്റ് മേരീസ് പള്ളി വരെയുള്ള ഭാഗത്താണ് ഹമ്പുകൾ ഉള്ളത്.
എട്ടു നിര വരെയുള്ള വലിയ ഹമ്പുകളിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ചെറുകാറുകളും വളരെ ബുദ്ധിമുട്ടിയാണ് കയറിയിറങ്ങുന്നത്. ഹമ്പുകൾക്കിടയിൽ വലിയ കുഴികൾ കൂടി രൂപപ്പെട്ടതോടെ അപകട ഭീഷണി വർധിച്ചിരിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഹമ്പുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുന്നതു പതിവാണ്.
150 മീറ്ററിനുള്ളിൽ പോക്കറ്റ് റോഡുകളിൽനിന്നു വരുന്നവ ഉൾപ്പെടെ 23 അശാസ്ത്രീയ ഹമ്പുകളാണുള്ളത്. കാരിത്താസ്, മാതാ ആശുപത്രികളിലേക്ക് രോഗികളുമായി നിരവധി ആംബുലൻസുകളാണ് ദിവസവും ഈ വഴി വരുന്നത്.
യാത്രക്കാരുടെയും രോഗികളുടെയും നടുവൊടിക്കുന്ന ഹമ്പുകൾ ശാസ്ത്രീയമായി പരിഷ്കരിച്ച് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എൻജിനിയർ, കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് സമർപ്പിക്കുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് പറഞ്ഞു.
കുരുക്കായി കുഴികൾ
ഓൾഡ് എംസി റോഡിൽ നിറയെ കുഴികളാണ്. കാരിത്താസ് ആശുപത്രിക്കു സമീപം മുതൽ പാറോലിക്കൽ വരെയാണ് വ്യാപകമായി കുഴികളുള്ളത്. കേബിളുകളും ജലവിതരണ പൈപ്പുകളും സ്ഥാപിക്കുന്നതിനാണ് റോഡ് കുഴിച്ചത്. ഇത് തീർത്തും നിരുത്തരവാദപരമായി അടച്ചതാണ് വിനയായത്.
കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ അടച്ചെങ്കിലും ചിലയിടങ്ങളിൽ കുഴി പൂർണമായി മൂടിയിട്ടില്ല. മറ്റു ചിലയിടങ്ങളിൽ കോൺക്രീറ്റ് റോഡ് ലെവലിനേക്കാൾ ഉയർന്ന് മുഴപോലെ നിൽക്കുന്നു. തുടരെത്തുടരെയുള്ള ഈ കുഴികളിൽ കയറിയിറങ്ങുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
എംസി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമെന്ന നിലയിൽ സുരേഷ് കുറുപ്പ് എംഎൽഎ ആയിരിക്കുമ്പോഴാണ് ഓൾഡ് എംസി റോഡ് നവീകരിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തത്. അന്നു മുതൽ നൂറു കണക്കിന് വാഹനങ്ങൾ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ഉത്തരവാദിത്വരഹിതമായി റോഡ് തോന്നുംപടി കുഴിയെടുത്ത് നശിപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ നടപടിക്ക് തയ്യാറാകുന്നില്ല.
Tags : nattu vishesham The journey Old MC Road is difficult.