മഠംതട്ട്-പൊന്നുരുക്കിപ്പാറ റോഡ് കാടുമൂടിയനിലയിൽ.
പെരുമ്പടവ്: പരിയാരം മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, സമീപപ്രദേശങ്ങളിലെ നിരവധി വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന മഠംതട്ട്-പൊന്നുരുക്കിപ്പാറ റോഡരിക് കാടുമൂടി അപകടക്കെണിയാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും മാഞ്ചിയം, അക്കേഷ്യ മരങ്ങളും അടിക്കാടുകളും വളർന്നുപന്തലിച്ചതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലാണ്.
ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ പാതയാണിത്.
കാൽനടയാത്രക്കാരാണ് ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. റോഡിന്റെ ഇരുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനടയാത്രക്കാർക്ക് അൽപം പോലും ഒതുങ്ങിനിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
രാത്രികാലങ്ങളിലാണ് യാത്രക്കാർ ഏറ്റവും കൂടുതൽ ഭയപ്പാടോടെ ഇതുവഴി കടന്നുപോകുന്നത്. ഇഴജന്തുക്കളുടെയും വന്യജീവികളുടെയും ശല്യത്തിനും ഈ കാടുകൾ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : overgrown with vegetation Nattuvishesham DistrictNews