കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നത് യാത്രാ ദുരിതമായി മാറുന്നു. പഞ്ചായത്ത് പതിമൂന്നാം വാർഡ് കണിയാംപാറ -പതിയിൽ റോഡ്, പന്ത്രണ്ടാം വാർഡ് മണ്ണൂപ്പൊയിൽ - കൊല്ലംകുന്നേൽ താഴെ റോഡ്, പന്ത്രണ്ടാം വാർഡ് ആനകുത്തി കവല - ഇടിഞ്ഞകുന്ന് റോഡ്, പഞ്ചായത്ത് രണ്ടാം വാർഡ് ഓഞ്ഞിൽ - കൈതകൊല്ലി റോഡ്, എട്ടാം വാർഡ് താഴെ പൂവത്തുംചോല - താന്നിയാംകുന്ന് റോഡ് തുടങ്ങിയ റോഡുകളാണ് കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ ടാറിംഗ് തകർന്നത്.
നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിൽ സ്കൂൾ ബസുകൾ വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾ എന്നിവയെല്ലാം യാത്ര ചെയ്യുമ്പോൾ ഏറെ ദുരിതം അനുഭവിക്കുകയാണ്. കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് റോഡുകൾ പൂർണമായും തകർന്നതെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആരോപിച്ചു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പി.ടി. തോമസ് പുന്നമറ്റം, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.