ഇളമണ്ണൂർ-കുന്നിട-ചെളിക്കുഴി റോഡ് കെ.യു. ജനീഷ് കുമാർ എംഎൽഎ സന്ദർശിക്കുന്നു.
അടൂർ: കുഴികൾ നിറഞ്ഞ് തകർന്ന റോഡിലൂടെ ദുരിതയാത്ര തുടരുമ്പോഴും പരിഹാരനടപടികൾ വൈകുന്നതിൽ പ്രതിഷേധവുമായി കുന്നിട നിവാസികൾ. ഇളമണ്ണൂർ-കുന്നിട-ചെളിക്കുഴി റോഡിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂർണമായി. റോഡ് തകർന്നിട്ട് രണ്ടുവർഷത്തോളമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ കുന്നിട ജംഗ്ഷനിൽനിന്നുള്ള ഇരുവശങ്ങളിലും പല ഭാഗങ്ങളും തകർന്നുകിടക്കുകയാണ്. കുന്നിട നിവാസികൾക്ക് കെപി റോഡിലെത്തണമെങ്കിൽ അപകടക്കുഴികൾ താണ്ടണം. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. മോശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഓട്ടോറിക്ഷകൾക്കും നിരന്തരം കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
റോഡ് ടാറിംഗിന് കരാർ നൽകിയിട്ടുണ്ടെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. നേരത്തേ ജലഅഥോറിറ്റിയുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട തടസങ്ങളാണ് ടാറിംഗ് വൈകാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോൾ ടാറിംഗ് സാമഗ്രികളുടെ വില വർധിച്ചതാണ് തടസമെന്നാണ് അറിയുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കെ.യു. ജനീഷ് കുമാർ എംഎൽഎ വെള്ളിയാഴ്ച തകർന്ന റോഡ് സന്ദർശിച്ചു.
Tags : Kunnida Road Nattuvishesham DistrictNews dilapidated state action is delayed