Kerala
തിരുവനന്തപുരം: നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു.
എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സമ്പർക്ക പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒമ്പതു പേരിൽ നാലുപേർ ആശുപത്രി വിട്ടു. അഞ്ചുപേർ നിരീക്ഷണത്തിൽ തുടരുന്നു.
ഇന്നലെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിപ രോഗബാധയെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള 13 പേരുടേയും സമാന രോഗലക്ഷണങ്ങളുള്ള 24 പേരുടെയും ഉൾപ്പെടെ 37 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്.
കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് സർക്കാരിന്റെയും ഐസിഎംആറിന്റെയും മാനദണ്ഡപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ട്.
സമ്പർക്കപ്പട്ടികയിൽ കുറഞ്ഞ റിസ്കിൽ ഒരാളെക്കൂടി ഇന്ന് ഉൾപ്പെടുത്തി. നിലവിൽ സമ്പർക്ക പട്ടികയിൽ 104 പേരാണുള്ളത് ഇതിൽ നാലു പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്കിൽ പെട്ടവരും 86 പേർ കുറഞ്ഞ ഭാഗത്തിൽപെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.
കോഴിക്കോട് നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിപ നിരീക്ഷണവും സാമ്പിൾ ശേഖരണവും നടത്തി.
കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് (RDDL), കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (ADCP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകൾ എടുത്തത്.
വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ, ഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ (Roosting sites) നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
വളർത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്’ (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.
ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗി രണ്ടാമത് ചികിത്സ തേടിയ സ്വകാര്യആശുപത്രി സന്ദർശിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും നിപ്പ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
National
ന്യൂഡൽഹി: രക്തസമ്മർദത്തെത്തുടർന്ന് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ആശുപതി വിട്ടു.
വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
പരിശോധനയ്ക്കുശേഷം ഇന്നലെ ഉച്ചയോടെയാണ് ഡീൻ ആശുപത്രി വിട്ടത്. തുടർന്ന് വൈകുന്നേരത്തെ വിമാനത്തിൽ കേരളത്തിലേക്ക് പുറപ്പെട്ടു.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ആശുപത്രി വിട്ടത്.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റോഡു മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികള് കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള് എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം.
അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള് വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള് സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.
Sports
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില് ഫീല്ഡിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ശ്രേയസ് അയ്യര് ആശുപത്രി വിട്ടു. ഓസ്ട്രേലിയയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു ശ്രേയസ്.
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിൽ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് ആരാധകര്ക്ക് ആശങ്കയായിരുന്നു. ശ്രേയസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സിഡ്നിയിൽ തുടരുമെന്നും ബിസിസിഐ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി.
വിമാനയാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകുമ്പോൾ ശ്രേയസ് നാട്ടിലേക്ക് മടങ്ങും. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഓസീസ് താരം അലക്സ് ക്യാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിന്റെ പ്ലീഹയില് മുറിവുണ്ടാവുകയും ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കുകയുമായിരുന്നു.
ആന്തരിക രക്തസ്രാവം കൃത്യസമയത്ത് കണ്ടെത്താനായതും അത് നിര്ത്താനയതുമാണ് ശ്രേയസിന്റെ തിരിച്ചുവരവില് നിര്ണായകമായത്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ അസ്ഥികള്ക്ക് പൊട്ടലേറ്റിരുന്നു.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണ വിശ്രമം വേണമെന്നും ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പോലീസ് കാണിക്കുന്നത്. യുഡിഎഫ് പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.