പ്രതീകാത്മക ചിത്രം
കോഴിക്കോട്: നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ നാല്പത്തിമൂന്നുകാരനെ ഡിസ്ചാര്‍ജ് ചെയ്തു.
ജൂണ്‍ 11ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാളാണ് പൂര്‍ണ രോഗമുക്തനായി ആശുപത്രി വിട്ടത്. നിലവില്‍ രോഗി പൂര്‍ണ ബോധത്തോടെയാണുള്ളതെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പനി പൂര്‍ണമായി ഭേദമാകുകയും ഓര്‍മശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നിപ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കും പുണെ ഐസിഎം ആറിലേക്കും അയച്ച് ജൂണ്‍ പത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ ചികിത്സ നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധനയും നിര്‍ദേശങ്ങളും സ്വീകരിച്ച് ചികിത്സ തുടരുകയും ചെയ്തു.
ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തില്‍ തുടര്‍ന്ന രോഗിയെ ജൂലൈ നാലിന് ഐസൊലേഷന്‍ ഐസിയുവില്‍നിന്ന് ട്രാന്‍സിറ്റ് ഐസിയുവിലേക്ക് മാറ്റി. സ്വയം ശ്വസിക്കാന്‍ തുടങ്ങിയതോടെ വെന്റിലേറ്ററില്‍നിന്ന് പൂര്‍ണമായി മാറ്റുകയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതോടെ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. സജീത്ത്, സൂപ്രണ്ട് ഡോ. എം.പി.ശ്രീജയന്‍, മെഡിസിന് വിഭാഗത്തിലെ ഡോ. വി.കെ ഷമീര്‍, ഡോ. ആര്. ഗായത്രി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി.എം അനിത, പോസ്റ്റ് ഗ്രാജ്വേറ്റ്സ് ടീം, ചീഫ് നഴ്സിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം, മറ്റു വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘമാണ് ചികിത്സിച്ചത്.