അഴീക്കോട് - മുനമ്പം പാലം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുചേർന്ന ഉന്നതതലയോഗത്തിൽനിന്ന്.
അഴീക്കോട് - മുനമ്പം പാലം അപ്രോച്ച് റോഡിനുള്ള
സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും
കയ്പമംഗലം: മണ്ഡലത്തിലെ അഴീക്കോട് - മുനമ്പം പാലത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനും അപ്രോച്ച് റോഡിനും ബസ് സ്റ്റേഷനും ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെയും കെ.കെ. വത്സരാജ് എംഎൽഎയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
പാലം നിർമാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുടെ യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ഉടൻ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. അപ്രോച്ച് റോഡിനും ബസ് സ്റ്റേഷനും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ശ്രീനാരാണപുരം ഗ്രാമപഞ്ചായത്തിൽ നിർമാണം ആരംഭിക്കാൻപോകുന്ന കയ്പമംഗലം മണ്ഡലത്തിലെ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയ സ്ഥലം റവന്യുവകുപ്പിന് കൈമാറാനും ആവശ്യമായ ഫണ്ട് പൊതുമരാമത്ത് വകുപ്പ് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. എടത്തിരുത്തി ഐടിഐ, കളരിപ്പറമ്പ് വായനശാലയുടെ കളിസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഫയൽ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ നിർദേശംനൽകി.
കയ്പമംഗലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന മുഴുവൻ പ്രവൃത്തികളുടെയും പുരോഗതി പരിശോധിച്ച് അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ കെആർഎഫ്ബി ചീഫ് എൻജിനീയർ, ചീഫ് എൻജിനീയർ (ബ്രിഡ്ജസ്), ചീഫ് എൻജിനീയർ (റോഡ്സ്), ചീഫ് എൻജിനീയർ (കെട്ടിട വിഭാഗം) എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ എക്സിക്യൂട്ടീവ് എൻജിനീയർമാരും പങ്കെടുത്തു.
ഠാണാ - ചന്തക്കുന്ന് വികസനം: തടസങ്ങൾ നീക്കും
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ ആവശ്യപ്രകാരം മന്ത്രി പി.കെ. ബഷീര്‍ വിളിച്ച ഉന്നതതല യോഗത്തില്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തിയുടെ തടസങ്ങള്നീക്കാനും പുതിയ പ്രവൃത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.കെ. ബഷീര്‍ അധ്യക്ഷതവഹിച്ചു. വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
കരുവന്നൂര്‍ കാട്ടൂര്‍ റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. പോട്ട - മൂന്നുപീടിക റോഡ് നാലുവരി പാതയാക്കുന്നതിന് സിആര്‍എഫ് ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇരിങ്ങാലക്കുടയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് ആവശ്യമായ രൂപരേഖ തയാറാക്കും.
കൂടല്‍മാണിക്യം, കുട്ടന്‍കുളം നവീകരണ പ്രവൃത്തികള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ കോമ്പൗണ്ട് വാള് വടക്കുവശം മതില്കെട്ടുന്നതിനും തീരുമാനിച്ചു. ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നടവരമ്പ് ഗവ. എല്‍പി സ്കൂള്‍, ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഓഡിറ്റോറിയം എന്നിവയുടെ നിർമാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം വേഗത്തിലാരംഭിക്കാനും ആളൂര്‍ ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടവും ആളൂര്‍ പോളിടെക്നിക്കിന് പുതിയ കെട്ടിടവും കാലതാമസം കൂടാതെ നിര്മിക്കാന്നും തീരുമാനിച്ചു.
ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കെട്ടിടം നിര്‍മാണം നടത്താനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിയ്ക്ക് ആധുനിക സൗകര്യത്തോടുകൂടി കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കും. കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷന് വികസനത്തിനുവേണ്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നടപടി സ്വീകരിക്കാനും തീരുമാനമായി. ആളൂര്‍ പഞ്ചായത്തിലെ കദളിച്ചിറയില്‍ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
ചക്കരപ്പാടം, ഉപ്പുംതുരുത്തി പാലം ഉള്‍പ്പടെ അഞ്ച് പാലങ്ങള്‍ നിര്മിക്കുന്നതിലേയ്ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങാന്‍ തീരുമാനമായി.
Tags : NattuVishesham DistrictNews