പോട്ടയിൽ സർവീസ് റോഡ് നിർമാണത്തിനിടയിൽ പൈപ്പ് പൊട്ടിയനിലയിൽ.
ചാലക്കുടി: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളവിതരണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് സർവീസ് റോഡ് നിർമാണം കൗൺസിലർമാർ തടഞ്ഞു. പോട്ട പ്രദേശത്തെ പിഎസ്ടി കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നഗരസഭ കൗൺസിലർമാർചേർന്ന് തടഞ്ഞത്.
നാഷണൽ ഹൈവേ പോട്ട പ്രദേശത്തെ സർവീസ് റോഡ് നിർമാണപ്രവർത്തനങ്ങൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാതെ ആരംഭിച്ചതിനാൽ നിരന്തരമായി പൈപ്പ് പൊട്ടി കുടിവെള്ളം തടസപ്പെടുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് നിർമാണപ്രവൃത്തി കൗൺസിലർമാരായ വത്സൻ ചമ്പക്കര, ജിൽ ആന്റണി, നിധിൻ പുല്ലൻ, വി.ജെ. ജോജു, ഷിഫ സന്തോഷ് എന്നിവർചേർന്ന് തടഞ്ഞത്.
കുടിവെള്ള പൈപ്പ് ലൈനുകളും കേബിളുകളും മാറ്റിസ്ഥാപിച്ചതിനുശേഷമേ സർവീസ് റോഡിന്റെ പണികൾ ആരംഭിക്കാൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലായിരുന്നു കൗൺസിലർമാർ. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ഡ്രെയ്നേജിന് കുഴിയെടുത്തപ്പോൾ വാട്ടർ അഥോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി 40,000 ലിറ്റർ കുടിവെള്ളം പാഴായിപ്പോയി. രണ്ടുദിവസമായി എട്ട് വാർഡുകളിൽ കുടിവെള്ളം മുടങ്ങി. ഇതിനുമുമ്പ് രണ്ടുസ്ഥലത്ത് നിർമാണത്തിന് കുഴിയെടുത്തപ്പോൾ 90 എംഎം പൈപ്പ് പൊട്ടി.
നിർമാണ കമ്പനി പ്രതിനിധി സ്ഥലത്തെത്തി കൗൺസിലർമാരുമായി സംസാരിച്ചു. തുടർന്ന് പൈപ്പ് ലൈനുകൾ കമ്പനിയുടെ ചെലവിൽ ഉടൻ മാറ്റിസ്ഥാപിക്കുവാൻ വാട്ടർ അഥോറിറ്റിക്ക് അനുമതി നൽകുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. പൈപ്പ് ലൈനുകൾ മാറ്റിയതിനുശേഷമേ ഇനി കുഴികൾ എടുക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു. വാട്ടർ അഥോറിറ്റി എഇയും മറ്റ് ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലത്തെത്തി.
Tags : NattuVishesham DistrictNews