നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി
പാലാ: അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ദേവാലയത്തിന്‍റെ വെഞ്ചരിപ്പ് ശനിയാഴ്ച വൈകുന്നേരം നാലിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. വെഞ്ചരിപ്പിന് ശേഷം രാത്രി ഏഴിന് പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
പള്ളി നവീകരണത്തോടൊപ്പം ഗീവര്‍ഗീസ് വല്യച്ചന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ചെറിയപള്ളി, കല്‍ക്കുരിശ്, പിച്ചള കുരിശ്, എണ്ണയൊഴിക്കല്‍ കേന്ദ്രം, പള്ളിമുറ്റം എന്നിവയും മനോഹരമായി നവീകരിച്ചിട്ടുണ്ട്.
എഡി 60ല്‍ മാര്‍ തോമാശ്ലീഹ അരുവിത്തുറയില്‍ എത്തി കുരിശ് സ്ഥാപിച്ചുവെന്നാണ് വിശ്വാസ പാരമ്പര്യം. തുടര്‍ന്ന് 151ലും പിന്നീട് എട്ട്, പതിനാറ് നൂറ്റാണ്ടുകളിലുമായി ദൈവാലയം പുനര്‍നിര്‍മിച്ചു. പതിനാലാം നൂറ്റാണ്ടില്‍ നിലയ്ക്കല്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ അഭയം തേടിയെത്തിയ വിശ്വാസികള്‍ കൊണ്ടുവന്ന, നൂറ്റാടുകളുടെ പഴക്കമുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.
1951ല്‍ കൂദാശ ചെയ്ത നിലവിലുള്ള ദൈവാലയത്തിന്‍റെ ചരിത്രവും പാരമ്പര്യവും ഒട്ടും ചോര്‍ന്നുപോകാതെയാണ് ഇപ്പോള്‍ നവീകരണം നടത്തിയിരിക്കുന്നത്. സിറിയന്‍ ഗോത്തിക് ശില്പ മാതൃക അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
മദുബഹയുടെയും ബേമ്മയുടെയും മേല്‍ത്തട്ടിലെ ദൃശ്യാവിഷ്‌കാരങ്ങള്‍ ക്രിസ്തുരഹസ്യങ്ങളും സഭാ പ്രബോധനങ്ങളും ചരിത്രവും വിളിച്ചോതുന്നതാണ്. ആനവാതിലിലെ ചിത്രീകരണം തോമസ് അപ്പസ്‌തോലന്‍റെ അരുവിത്തുറ സന്ദര്‍ശനത്തെയാണ് അനുസ്മരിപ്പിക്കുന്നത്. അത്യാധുനിക എയര്‍ ഫ്രഷണര്‍, ലൈറ്റിംഗ് സംവിധാനങ്ങളും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്.
നവീകരണം പൂര്‍ത്തിയായതോടെ ദേവാലയം കാണാനും ചരിത്രപ്രസിദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനുമായി ദിവസേന നിരവധി ആളുകളാണ് അരുവിത്തുറയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് ചെങ്ങഴശ്ശേരില്‍, കൈകാരന്‍മാരായ ജോര്‍ജ് വടക്കേല്‍, അന്‍ഡ്രൂസ് തെക്കേക്കണ്ടത്തില്‍, ജോര്‍ജ്കുട്ടി മുകാലില്‍, അഡ്വ. ടോം വെള്ളുക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തീകരിച്ചത്.