Kerala
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തില് വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമല് കൊളമലയില് താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്. ഫോണ് ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
ഇവരുടെ വീട്ടില് പതിവായി പ്രശ്നങ്ങള് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര് പറയുന്നു. ഞായറാഴ്ച ഇരുവരും തമ്മിലുള്ള വാക്കു തര്ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് മകനാണ് മാധവിയെ താമരശേരി താലൂക്ക് ആശുപത്രിയില് എത്തിച്ചത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
National
ബെലഗാവി: കർണാടകയിൽ സ്ത്രീധനബാക്കി നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും ഭർതൃപിതാവും പിടിയിൽ. ചിക്കോടി അലഖന്നൂർ സ്വദേശിനി ദീപ മഗദുമ്മ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് അഭിഷേകും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കഴുത്തിൽ കയറിട്ട് മുറുക്കിയായിരുന്നു ദീപ മഗദുമ്മയെ കൊലപ്പെടുത്തിയത്. ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി.
കൃത്യത്തിന് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ അഭിഷേക് ശ്രമിച്ചിരുന്നു. എന്നാൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്ന യുവതിയുടെ മൃതദേഹത്തിൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞതിന് സമാനമായ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിഷേകും പിതാവും ചേർന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.
International
ടൊറന്റോ: വനിതകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി കാനഡയിലെ ടൊറന്റോയിൽ വൺ സ്റ്റോപ്പ് സെന്റർ ഫോർ വിമൻ ആരംഭിച്ചു.
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കേന്ദ്രത്തോടൊപ്പം എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്ലൈനും സ്ഥാപിച്ചിട്ടുണ്ട്.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിവിധ തരം ചൂഷണങ്ങളോടൊപ്പം നിയമ വെല്ലുവിളികളും നേരിടുന്ന ഇന്ത്യൻ പാസ്പോർട്ടുള്ള വനിതകൾക്ക് കൗൺസിലിംഗും നിയമ സഹായവും നൽകുമെന്ന് ഇന്ത്യൻ മിഷൻ എക്സിൽ അറിയിച്ചു.
എല്ലാ ഇടപെടലുകളും കാനഡയിലെ പ്രാദേശിക നിയമങ്ങളുടെ കീഴിലായിരിക്കും. വനിതാ അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അംഗീകൃത എൻജിഒകളുടെ സേവനങ്ങളും ലഭ്യമാക്കും.
ഫോൺ: +1 (437) 5523309, വെബ്സൈറ്റ്: osc. [email protected].